SHARE

സി.കെ. വിനീതിന് പിന്നാലെ റിനോ ആന്റോയും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പോയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് റിനോയുടെ കരാര്‍ പുതുക്കാന്‍ ഇതുവരെ കാര്യമായ നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. റിനോയെ സ്വന്തമാക്കാന്‍ അദേഹത്തിന്റെ മുന്‍ ക്ലബായ ബെംഗളൂരു എഫ്‌സി അടക്കമുള്ളവര്‍ രംഗത്തുണ്ട്. സീസണ്‍ നാലില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച റിനോയ്ക്ക് പല മത്സരങ്ങളിലും പരിക്കുമൂലം സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം. മറ്റു ക്ലബുകളില്‍ നിന്ന് താരങ്ങളെ ബ്ലാസ്റ്റേഴ്‌സിലെത്തിക്കാന്‍ കാര്യമായ നീക്കങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റ് റിനോയുടെ കാര്യത്തില്‍ ഇതുവരെ കാര്യമായൊന്നും ചെയ്തതുമില്ല.

റിനോയുടെ പഴയ ക്ലബ് ബെംഗളൂരു എഫ്‌സി താരത്തെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നതായാണ് സൂചന. കോച്ച് ആല്‍ബര്‍ട്ടോ റോക്കയ്ക്കും ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കും റിനോ ടീമിലെത്തുന്നതിനോട് പൂര്‍ണസമ്മതമാണെന്നാണ് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബെംഗളൂരുവിനെ കൂടാതെ ജെംഷഡ്പൂര്‍ എഫ്‌സി, പൂനെ സിറ്റി ക്ലബുകളും റിനോയില്‍ താല്പര്യം അറിയിച്ചിട്ടുണ്ട്.

ബ്ലാസ്റ്റേഴ്‌സിനോട് വിടപറയുന്ന മറ്റൊരു താരം സി.കെ. വിനീത് എടികെ കൊല്‍ക്കത്തയുമായി നടത്തുന്ന ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ സമന്വയത്തിലെത്തിയാല്‍ വിനീതിന്റെ കൂടുമാറ്റം ഏറെക്കുറെ ഉറപ്പാകും. ഗോകുലം കേരള എഫ്‌സി, നെറോക്ക എഫ്‌സി തുടങ്ങിയ ക്ലബുകളില്‍ നിന്ന് ചില കളിക്കാരെ സ്വന്തമാക്കാന്‍ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്. ജൂണില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുന്നതോടെ കൂടുതല്‍ താരങ്ങള്‍ ടീമിലെത്തും.