റിനോ ആന്റോ
വയസ് – 29
പൊസിഷന്‍ – റൈറ്റ് ബാക്ക്
കേരളാബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടര്‍ച്ചയായ രണ്ടാം സീസണാണ് റിനോയ്ക്കിത്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലൂടെ യൂത്ത് കരിയറിന് തുടക്കമിട്ട താരം മോഹന്‍ ബഗാന്റെയും സാല്‍ഗോക്കറിന്റെയും ഒപ്പമാണ് സീനിയര്‍ കരിയര്‍ ആരംഭിക്കുന്നത്. 2008-09 സീസണില്‍ ഫെഡറേഷന്‍ കപ്പ് നേടിയ മോഹന്‍ബഗാനും 2010-11 സീസണില്‍ ഐ ലീഗ് നേടിയ സാല്‍ഗോക്കറിനും 2014 ല്‍ സന്തോഷ് ട്രോഫി റണ്ണേഴ്‌സ് അപ്പായ കേരളാ ടീമിനുമൊപ്പം റിനോ ഉണ്ടായിരുന്നു.
2013 ല്‍ ബംഗളൂരു എഫ് സി യിലെത്തിയതാണ് റിനോയുടെ കരിയറില്‍ വഴിത്തിരിവായത്. ആഷ്‌ലി വെസ്റ്റ് വുഡെന്ന തന്ത്രജ്ഞനായ പരിശീലകന്റെ കീഴില്‍ അപകടകാരിയായ ഫുട്‌ബോളറായി റിനോ വളര്‍ന്നു. ബംഗളൂരുവിന്റെ പ്രതിരോധത്തില്‍ എതിരാളികള്‍ക്ക് കീഴ്‌പ്പെടുത്താനാവാത്ത ശക്തിയായി നില കൊണ്ട റിനോയുടെ പ്രകടനം ഐ ലീഗില്‍ ബംഗളൂരുവിന്റെ കുതിപ്പിനും കാരണമായി. ആദ്യ സീസണില്‍ തന്നെ ഐ ലീഗ് കിരീടം നേടിയ അവര്‍ അടുത്ത സീസണില്‍ ഫെഡറേഷന്‍ കപ്പും തങ്ങളുടെ ഷെല്‍ഫിലെത്തിച്ചു.

2015 ല്‍ ലോണടിസ്ഥാനത്തില്‍ ബംഗളൂരുവില്‍ നിന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയിലെത്തിയ താരം അവര്‍ക്ക് വേണ്ടി 13 മത്സരങ്ങളില്‍ പ്രതിരോധം കാത്തു. 2016 ല്‍ കേരളബ്ലാസ്‌റ്റേഴ്‌സ് റിനോയെ ടീമിലെത്തിച്ചെങ്കിലും ബംഗളൂരു എഫ് സിയുടെ കൂടെ എ.എഫ്.സി കപ്പില്‍ പങ്കെടുക്കുകയായിരുന്നതിനാല്‍ മഞ്ഞപ്പടയ്‌ക്കൊപ്പം മൂന്ന് മത്സരങ്ങള്‍ കളിക്കാനേ ഈ ചെറുപ്പക്കാരന് കഴിഞ്ഞുള്ളൂ.

2017 ല്‍ നാലാം സീസണ്‍ ഐ എസ് എല്ലിന് മുന്നോടിയായി നടന്ന താരങ്ങളുടെ ഡ്രാഫ്റ്റില്‍ 63 ലക്ഷം രൂപ രൂപ മുടക്കിയാണ് കേരളാബ്ലാസ്‌റ്റേഴ്‌സ് റിനോയെ തങ്ങളുടെ കൂടാരത്തിലെത്തിച്ചത്.മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വെസ്ബ്രൗണിനും ഇന്ത്യയുടെ സന്ദേശ് ജിങ്കനുമൊപ്പം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പ്രതീക്ഷയാണ് പതിമൂന്നാം നമ്പര്‍ ജേഴ്‌സിയണിയുന്ന ഈ യുവതാരം.