SHARE

ഇന്ത്യൻ സൂപ്പർ ലീ​ഗ് എട്ടാം സീസണിന് ആശങ്ക പരത്തി കോവിഡ് വ്യാപനം. നിലവിൽ അഞ്ച് ഐഎസ്എൽ ടീമുകളുടെ ക്യാംപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കടുത്ത നിയന്ത്രണങ്ങളുള്ള ബയോബബിളിലാണ് ഐഎസ്എൽ നടക്കുന്നത്. എന്നാൽ ഈ വർഷം തടുക്കത്തിൽ തന്നെ ഐഎസ്എൽ ടീമുകളിൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ടു. വാർത്തകൾ പ്രകാരം എടികെ മോഹൻ ബ​ഗാൻ, എഫ്സി ​ഗോവ, ഈസ്റ്റ് ബം​ഗാൾ, ബെം​ഗളുരു എഫ്സി, ഒഡിഷ എന്നീ ടീമുകളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ബ​ഗാൻ താരത്തിന് കോവിഡ് പോസിറ്റീവായതോടെ ഒഡിഷയുമായി നടത്താനിരുന്ന അവരുടെ മത്സരം മാറ്റിവച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ബ​ഗാനിലെ അഞ്ച് താരങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസങ്ങളായി ടീം ഒന്നടങ്കം ഹോട്ടൽ മുറികളിൽ കഴിച്ചുകൂട്ടുകയാണ്. ഇതുവരെ അവർ പരിശീലനം നടത്തിയിട്ടുപോലുമില്ല. ഈ സാഹചര്യത്തിൽ ശനിയാഴ്ച ബെം​ഗളുരുവിനെതിരായ ബ​ഗാന്റെ മത്സരം നടക്കാൻ സാധ്യത കുറവാണ്.

ബെം​ഗളുരു ടീമും കഴിഞ്ഞ രണ്ട് ദിവസമായി ഹോട്ടൽ മുറിയിലാണ്. ബെ​ഗംളുരുവിലെ ഒരു താരത്തിന് ആന്റിജൻ ടെസ്റ്റിൽ കോവി‍ഡ് പോസിറ്റീവായിട്ടുണ്ട്. പിസിആർ ടെസ്റ്റിന്റെ ഫലത്തിനായി കാത്തിരിക്കുകയാണവർ. ഒഡിഷ ക്യാംപിലും ഒന്നിലേറെ താരങ്ങൾക്ക് കോവിഡ് പോസിറ്റീവായിട്ടുണ്ട്. ഈസ്റ്റ് ബം​ഗാൾ ടീം താമസിക്കുന്ന ഹോട്ടൽ സ്റ്റാഫിന് കോവി‍‍ഡ് പോസിറ്റീവായതോടെ സ്ക്വാഡും ഐസോലേഷനിലാണ്. സീസണിൽ ഏറ്റവും ആദ്യം കോവിഡ് ആശങ്ക പടർന്ന എഫ്സി ​ഗോവ ടീം ഇപ്പോഴും കർശന നിയന്ത്രമങ്ങളിലാണ്. കുറച്ച് താരങ്ങളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിശീലനസെഷനുകളാണ് അവർ നടത്തുന്നത്.