SHARE

ഇന്ത്യൻ ടെസ്റ്റ്‌ ടീമിൽ ഒന്ന് കളിക്കുക എന്നത് ഏതൊരു കളിക്കാരന്റെയും ആഗ്രഹമാണ്. ചെറിയ പ്രായത്തിൽ തന്നെ ആ ആഗ്രഹത്തിന് തൊട്ടടുത്ത് എത്തിയിരിക്കുകയാണ് ഋഷഭ് പന്ത്, അതും വിക്കറ്റ് കീപ്പറായിട്ട് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടംലഭിച്ചത് സ്വപ്ന സാക്ഷാത്കാരമാണെന്ന് താരം പറയുന്നു. .

പന്തിന്റെ വാക്കുകൾ ഇങ്ങനെ ; ” ടെസ്റ്റ്‌ ടീമിൽ ഇടം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. ദീർഘ കാലത്തെ ആഗ്രഹമായിരുന്നു ഇന്ത്യൻ ടെസ്റ്റ്‌ ടീമിനായി കളിക്കുക എന്നത്. ടെസ്റ്റ്‌ കളിക്കുമ്പോൾ നമ്മുടേതായ സമയവും താളവും കണ്ടെത്താനാകും. ഇന്ത്യൻ എ ടീമിനായി ഇംഗ്ലണ്ടിൽ കളിച്ചത് ഉപകാരപ്പെടും “. അതേ സമയം താരത്തിന് കളിക്കാൻ അവസരം ലഭിക്കുമോയെന്ന കാര്യമാണ് ആരാധകർ ഉറ്റുനോക്കുന്നത്. പരുക്കേറ്റ സാഹയ്ക്ക് പകരമായി ദിനേഷ് കാർത്തിക്കും ടീമിലുണ്ട്. കാർത്തിക്കിന് അവസരം ലഭിക്കാനാണ് കൂടുൽ സാധ്യതയെന്ന് വിദഗ്ദർ വിലയിരുത്തുന്നുണ്ട്.

ഇന്ത്യൻ ജൂനിയർ ടീമിലൂടെയാണ് പന്ത് ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. ഐ പി എല്ലിൽ ഡൽഹി ഡെയർഡെവിൾസ് താരമാണ് പന്ത്. പന്തിനെ ടീമിൽ എത്തിക്കുന്നതോടെ ദീർഘ കാലത്തേക്ക് ഇന്ത്യൻ ടീമിനൊരു വിക്കറ്റ് കീപ്പറെ കണ്ടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ സെലക്ടർമാർ. ഓഗസ്റ്റ് 1നാണ് ഇന്ത്യ – ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ്‌.