അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ജനുവരി മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റർക്കുള്ള പുരസ്കാരം ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, അയർലൻഡിന്റെ പോൾ സ്റ്റർലിംഗ് എന്നിവരെ വോട്ടെടുപ്പിൽ പിന്തള്ളിയാണ് ഐസിസിയുടെ പ്രഥമ പ്ലേയർ ഓഫ് ദി മന്ത് പുരസ്കാരം പന്ത് സ്വന്തമാക്കിയത്. അല്പം മുൻപ് ഐസിസിയാണ് പന്തിനെ, പോയ മാസത്തെ മികച്ച താരമായി തിരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്.
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കാഴ്ച വെച്ച മിന്നും പ്രകടനങ്ങളാണ് പന്തിന് ജനുവരി മാസത്തെ മികച്ച താരത്തിനുള്ള ഐസിസി പുരസ്കാരം നേടിക്കൊടുത്തത്. കഴിഞ്ഞ മാസം ഓസീസിനെതിരെ സിഡ്നിയിലും (97), ബ്രിസ്ബെയിനിലും (89*) നടന്ന ടെസ്റ്റ് മത്സരങ്ങളിൽ നിർണായക ബാറ്റിംഗ് പ്രകടനമായിരുന്നു പന്തിന്റേത്.
അതേ സമയം പോയ മാസത്തെ മികച്ച വനിതാ ക്രിക്കറ്റർക്കുള്ള ഐസിസി പുരസ്കാരം ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മൈലിനാണ്. പാകിസ്ഥാനെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളിൽ കാഴ്ച വെച്ച മികച്ച പ്രകടനമാണ് അവർക്ക് ഈ പുരസ്കാരത്തിലേക്കെത്താൻ തുണയായത്.