SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും, ഓസീസ് നായകൻ ടിം പെയിനും തമ്മിൽ നടന്ന സ്ലെഡ്ജിങ് ക്രിക്കറ്റ് ലോകത്ത് വളരെയേറെ ശ്രദ്ധ നേടിയിരുന്നു. മെൽബണിൽ നടന്ന മൂന്നാം ടെസ്റ്റിനിടെയായിരുന്നു ഇരുവരും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടൽ നടന്നത്.

മൂന്നാം ടെസ്റ്റിൽ ഋഷഭ് പന്ത് ബാറ്റ് ചെയ്യാനെത്തിയപ്പോൾ ഓസീസ് നായകൻ പെയിൻ വിക്കറ്റിന് പിന്നിൽ നിന്ന് അദ്ദേഹത്തെ പ്രകോപിപ്പിക്കാനായി പലതും പറഞ്ഞിരുന്നു. ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയെന്നും അതിനാൽ പന്തിനോട് തന്റെ വീട്ടിൽ വന്ന് താനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോൾ കുട്ടികളെ നോക്കി ഇരിക്കാനും പെയിൻ പറഞ്ഞിരുന്നു. എന്നാൽ പന്ത് അന്ന് പെയിനോട് തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും പിറ്റേദിവസം പെയിൻ ബാറ്റിംഗിനെത്തിയപ്പോൾ പലിശസഹിതം തിരിച്ചുകൊടുത്തിരുന്നു.

ഇപ്പോളിതാ മത്സരത്തിന് ശേഷം പെയിന്റെ കുട്ടിയെ കൈയ്യിലെടുത്ത് നിൽക്കുന്ന പന്തിന്റെ ചിത്രം പുറത്ത് വന്നിരിക്കുന്നു. പെയിന്റെ ഭാര്യ ബോൺ പെയിനാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ ചിത്രം പങ്കുവെച്ചത്. പെയിന്റെ കുട്ടിയുമായി നിൽക്കുന്ന പന്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബോൺ പെയിൻ ഇങ്ങനെ കുറിച്ചു, ‘ബെസ്റ്റ് ബേബിസിറ്റർ’ (മാതാപിതാക്കൾ പുറത്ത് പോകുമ്പോൾ ഏറ്റവും നന്നായി കുട്ടികളെ നോക്കുന്നയാൾ). ബോൺ പെയിന്റെ ഈ പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തു.