SHARE

ഋഷഭ് പന്തിന്റെ സംഹാര താണ്ഡവത്തിനായിരുന്നു ഇന്നലെ ഐപിഎല്ലിൽ നടന്ന ‌ഡെൽഹി ക്യാപിറ്റൽസ് – മുംബൈ ഇന്ത്യൻസ് മത്സരം സാക്ഷ്യം വഹിച്ചത്‌. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡെൽഹിക്ക് വേണ്ടി അഞ്ചാമനായി ക്രീസിലെത്തിയ പന്ത് 27 പന്തിൽ 78 റൺസാണ് അടിച്ചുകൂട്ടിയത്. 7 വീതംഫോറുകളും സിക്സറുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ വെടിക്കെട്ട് ബാറ്റിംഗ്.

മത്സരത്തിൽ നേരിട്ട പതിനെട്ടാമത്തെ പന്തിലാണ് പന്ത് അർധ ശതകം നേടിയത്. 18 പന്തിൽ അർധ സെഞ്ചുറി നേടിയതോടെ മുംബൈ ഇന്ത്യൻസിനെതിരെ ഐപിഎല്ലിൽ ഒരു താരം നേടുന്ന ഏറ്റവും വേഗതയേറിയ അർധ സെഞ്ചുറിയുടെ റെക്കോർഡും പന്തിന് സ്വന്തമായി. ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലായിരുന്നു ഇത്രയും നാൾ ഇക്കാര്യത്തിലെ റെക്കോർഡ്. 2012 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈക്കെതിരെ 20 പന്തിലായിരുന്നു ‌ധോണിയുടെ അർധ സെഞ്ചുറി പിറന്നത്.

അതേ സമയം മുംബൈ ഇന്ത്യൻസിനെതിരായ ഏറ്റവും വേഗതയേറിയ അർധ സെഞ്ചുറി നേടാൻ പന്തിന് കഴിഞ്ഞെങ്കിലും ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ അർധ സെഞ്ചുറിയുടെ റെക്കോർഡ് കൈവശമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 14 പന്തിൽ അൻപതടിച്ച കെ എൽ രാഹുലാണ് ഇക്കാര്യത്തിൽ ഒന്നാമത്. 15 പന്തിൽഅർധ സെഞ്ചുറി നേടിയ സുനിൽ നരൈൻ, യൂസഫ് പത്താൻ എന്നിവരാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്.