SHARE

ഓസ്ട്രേലിയൻ താരങ്ങളുടെ പ്രധാന തന്ത്രങ്ങളിലൊന്നാണ് സ്ലെഡ്ജിംഗ്. എതിർ താരത്തെ പ്രകോപിപ്പിച്ച് മത്സരത്തിലെ അവരുടെ ശ്രദ്ധ കളയുന്നത് പണ്ട് മുതലേ ഓസീസ് താരങ്ങൾ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ്. ഇന്ത്യയ്ക്കെതിരെ അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിലും ഓസീസ് താരങ്ങൾ ഈ പ്രവൃത്തി തുടർന്നു.

മത്സരത്തിന്റെ ഒന്നാം ദിനമായ ഇന്നലെയായിരുന്നു ഓസീസ് പേസ് ബൗളറായ പാറ്റ് കമ്മിൻസ്, ഇന്ത്യൻ യുവതാരം ഋഷഭ് പന്തിനെ തന്റെ വാക്കുകളിലൂടെ പ്രകോപ്പിക്കാൻ ശ്രമിച്ചത്. സംഭവം ഇങ്ങനെ, ” ആദ്യ ദിവസത്തെ രണ്ടാം സെഷൻ കളി പുരോഗമിക്കുകയാണ്, ഇന്ത്യ 110/5 എന്ന നിലയിൽ ബാറ്റ് ചെയ്യുന്നു. ചേതേശ്വർ പുജാരയ്ക്കൊപ്പം ബാറ്റ് ചെയ്യുന്നത് ഋഷഭ് പന്ത്. പന്ത് 16 റൺസെടുത്ത് നിൽക്കവെ ഓസീസ് സ്റ്റാർ പേസർ കമ്മിൻസ് ബോളിംഗിനെത്തി. ഓഫ് സ്റ്റമ്പിന് പുറത്ത് എണ്ണംപറഞ്ഞൊരു ഗുഡ് ലെംഗ്ത്ത് പന്തെറിഞ്ഞ കമ്മിൻസിനെതിരെ മിഡ് വിക്കറ്റ് ലക്ഷ്യമാക്കി പന്ത് ഷോട്ടിന് ശ്രമിച്ചെങ്കിലും ബോളിന്റെ വേഗത പന്തിനെ കീഴടക്കി. താരത്തിന് പന്ത് കണക്ട് ചെയ്യാനായില്ല.

ഇതിനിടെ ബോളെറിഞ്ഞതിന് ശേഷം പന്തിന്റെ അടുക്കലെത്തിയ കമ്മിൻസ് അദ്ദേഹത്തെ പ്രകോപിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു. എന്നാൽ പന്താകട്ടെ കമ്മിൻസ് പറഞ്ഞത് ശ്രദ്ധിക്കാതെ തലതിരിച്ചു. കമ്മിൻസിനെതിരെ യാതൊരു വിധത്തിലുള്ള വാക്ക് തർക്കങ്ങളിലേക്കും കടക്കാതിരുന്ന പന്ത് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ പ്രീതി പിടിച്ചു പറ്റുകയും ചെയ്തു.