SHARE

സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്, ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ ഇടം പിടിക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ടെസ്റ്റ് ടീമിലുണ്ടായിരുന്നുവെങ്കിലും പരിമിത ഓവർ മത്സരങ്ങൾക്കുള്ള ടീമിൽ പന്തിന് ഇടം ലഭിച്ചിരുന്നില്ല. എന്നാൽ ടെസ്റ്റിൽ മികച്ച ഫോമിലേക്കെത്തിയ താരത്തെ ഏകദിന, ടി20 ടീമിലേക്ക് തിരിച്ചു വിളിക്കാൻ‌ സെലക്ടർമാർ തീരുമാനിച്ചു കഴിഞ്ഞതായാണ് സൂചന. ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. പന്ത് ടീമിലെത്തുന്നത് മലയാളി വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസണാകും ഏറ്റവും വലിയ ഭീഷണി സമ്മാനിക്കുക.

ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് അഭ്യന്തര ക്രിക്കറ്റിലെ സൂപ്പർ താരമായ സൂര്യകുമാർ യാദവിനും വിളിയെത്തുമെന്നാണ് വാർത്തകൾ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐപിഎല്ലിൽ ഉൾപ്പെടെ സ്ഥിരതയാർന്ന പ്രകടനങ്ങൾ പുറത്തെടുക്കുന്ന സൂര്യകുമാർ യാദവിനെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലെടുക്കാതിരുന്നത് വലിയ വിവാദമായിരുന്നു‌. മനീഷ് പാണ്ടെ, ശ്രേയസ് അയ്യർ എന്നിവരിലൊരാൾ ക്ക് പകരമായിരിക്കും സൂര്യകുമാറിനെ സെലക്ടർമാർ ടീമിലേക്ക് തിരഞ്ഞെടുക്കുക എന്നാണ് കരുതപ്പെടുന്നത്.

നിലവിൽ നടന്നു കൊണ്ടിരിക്കുന്ന നാല് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ശേഷമാണ് ഇന്ത്യയും, ഇംഗ്ലണ്ടും തമ്മിൽ അഞ്ച് മത്സര ടി20 പരമ്പരയിൽ ഏറ്റുമുട്ടുന്നത്. മാർച്ച് 12 മുതൽ 20 വരെയാണ് ഈ പരമ്പരയിലെ മത്സരങ്ങൾ നടക്കുക. തുടർന്ന് 3 മത്സര ഏകദിന പരമ്പരയിലും ഇരു ടീമുകളും ഏറ്റുമുട്ടും. മാർച്ച് 23, 26, 28 തീയതികളിലാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്.