SHARE

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനേയും ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. ധോണി ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായും, പന്ത് മുഴുവൻസമയ ബാറ്റ്സ്മാനായും‌ വിൻഡീസിനെതിരെ കളിക്കുമെന്നാണ് റിപ്പോർട്ട്. ഇന്നാണ് വിൻഡീസിനെതിരായ ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത്.

അതേ സമയം ദിനേഷ് കാർത്തിക്ക് ടീമിൽ നിന്ന് പുറത്താകാനാണ്‌ സാധ്യത‌. ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ഇംഗ്ലണ്ട് പര്യടനത്തിന് പോയ കാർത്തിക്കിന്‌പക്ഷേ പ്രതീക്ഷിച്ച പ്രകടനം അവിടെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടന്ന ഏഷ്യാകപ്പിൽ ബാറ്റ്സ്മാനായി മാത്രം കളിച്ച താരം 6 മത്സരങ്ങളിൽ നിന്ന് 146 റൺസാണ് നേടിയത്. ലഭിച്ച മികച്ച തുടക്കങ്ങൾ വലിയ സ്കോറുകളാക്കി മാറ്റാൻ കഴിയാതിരുന്നതാണ് പല മത്സരങ്ങളിലും കാർത്തിക്കിന് വിനയായത്.

നായകൻ വിരാട് കോഹ്ലിക്ക് പരമ്പരയിലെ കുറച്ച് മത്സരങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ചേക്കുമെന്നും വാർത്തകളുണ്ട്. അതേ സമയം അഭ്യന്തര ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് നാളുകളായി മികച്ച പ്രകടനം പുറത്തെടുക്കുന്ന മനീഷ് പാണ്ടെയ്ക്ക് ഒരവസരം കൂടി സെലക്ടർമാർ നൽകിയേക്കുമെന്നാണ്‌സൂചന.