SHARE

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും താരങ്ങളിലൊരാളായിരുന്നു ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. പരമ്പരയ്ക്കിടെ ഓസീസ് നായകൻ ടിം പെയിനുമായി പല തവണ കോർത്തതും, എതിർ താരങ്ങൾക്കെതിരെ പന്ത് നടത്തിയ‌ സ്ലെഡ്ജിംഗും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു‌. താനും ഭാര്യയുംസിനിമയ്ക്ക് പോകുമ്പോൾ തന്റെ കുട്ടികളെ നോക്കാൻ‌ പന്തിനോട് പെയിൻ പറഞ്ഞത് വലിയ വാർത്തയായിരുന്നു.

കളിക്കളത്തിനകത്തും പുറത്തും രസികനായ പന്താകട്ടെ, അവസാന ടെസ്റ്റിന്‌ശേഷമുള്ള‌ ആഘോഷ പ്രകടനത്തിനിടെ കാണികളുടെ പാട്ടിനൊത്ത് നൃത്തംവെച്ചും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയുടെ ആരാധകക്കൂട്ടമായ ഭാരത് ആർമിയുടെ വീ ഹാവ് ഗോട്ട് പന്ത് എന്ന് തുടങ്ങുന്ന‌ചാന്റിനാണ്‌ പന്ത് ഡാൻസ് ചെയ്തത്. നേരത്തെ ഓസീസ് നായകൻ ടിം‌ പെയിന്റെ കുട്ടികളുമായി പന്ത് നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പെയിന്റെ ഭാര്യ, നന്നായി കുട്ടികളെ നോക്കുന്നയാൾ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന്‌ നൽകിയത്. ഇതിന്റെ ചുവട് പിടിച്ചായിരുന്നു‌ ഭാരത് ആർമിയുടെ ബേബിസിറ്റർ ചാന്റ്‌‌സോംഗ്. ഭാരത് ആർമിയുടെ പാട്ടിനൊപ്പം പന്ത്, ചുവടുകൾ വെക്കുന്ന‌ വീഡിയോ, സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.