ഇന്ത്യൻ യുവവിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് അസാമാന്യനായ താരമാണെന്നും മൂന്ന് ഫോർമ്മാറ്റുകളിലും അദ്ദേഹത്തെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നും സൗരവ് ഗാംഗുലി. സിഡ്നി ടെസ്റ്റിലെ പന്തിന്റെ തകർപ്പൻ സെഞ്ചുറിക്ക് ശേഷം ഇന്ത്യ ടിവിയോട് സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ നായകൻ.
” പന്ത് അസാമാന്യനായ കളികാരനാണ്. അദ്ദേഹത്തെ മൂന്ന് ഫോർമാറ്റുകളിലും ടീമിൽ ഉൾപ്പെടുത്തണമെന്നാണ് തനിക്ക് സെലക്ടർമാരോട് പറയാനുള്ളത്. എന്തെന്നാൽ ലോകകപ്പിൽ ഇന്ത്യയുടെ മാച്ച് വിന്നറാകാൻ പന്തിന് കഴിയും. തന്റെ പ്രത്യേകതയുള്ള ബാറ്റിംഗ് ശൈലി കാരണം നാലാം നമ്പരിൽ അദ്ദേഹത്തെ കളിപ്പിക്കാൻ കഴിയും. ഏറെ അനായാസമാണ് അദ്ദേഹം ഫാസ്റ്റ് ബോളർമാരെ നേരിടുന്നതും, അവരെ ബൗണ്ടറി കടത്തുന്നതും.
ആദ്യ രണ്ട് ടെസ്റ്റുകളിൽ അദ്ദേഹം വിക്കറ്റ് വലിച്ചെറിയുകയായിരുന്നു, എന്നാൽ സിഡ്നിയിൽ അദ്ദേഹം സ്വയം നിയന്ത്രിച്ചാണ് കളിച്ചത്. അദ്ദേഹത്തിന്റെ ബാറ്റിംഗിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്ത്യൻ ടീമിന് പന്ത് ഒരു മുതൽക്കൂട്ടാണ്. അദ്ദേഹത്തിന്റെ കീപ്പിംഗ് ക്രമേണ മെച്ചപ്പെടും. അടുത്ത 10-15 വർഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റിൽ കളിക്കാനും പന്തുണ്ടാകും. അത് കൊണ്ട് തന്നെ അടുത്ത് വരാനിരിക്കുന്ന ഓസീസ് – ന്യൂസിലൻഡ് ഏകദിന പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിൽ പന്തിനേയും ഉൾപ്പെടുത്തണമെന്ന് താൻ സെലക്ടർമാരോട് ആവശ്യപ്പെടുകയാണ്.” ഗാംഗുലി പറഞ്ഞുനിർത്തി.