SHARE

ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയിരിക്കുന്ന യുവ താരം ഋഷഭ് പന്താണ് നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കാക്കുന്നത്. വിക്കറ്റിന് പിന്നിൽ താൻ അല്പം അഗ്രസീവ് ആണെന്ന് നേരത്തെ പല തവണ തെളിയിച്ചിട്ടുള്ള പന്ത് ഇപ്പോളിതാ ഓസീസ് സ്റ്റാർ ബാറ്റ്സ്മാൻ ഉസ്മാൻ ഖവാജയേയും തന്റെ വാക്കുകളിലൂടെ സമ്മർദ്ദത്തിലാക്കാൻ ശ്രമം നടത്തിയിരിക്കുന്നു.

ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ഓസീസ് താരം ഉസ്മാൻ ഖവാജ ബാറ്റ് ചെയ്യുമ്പോളായിരുന്നു വിക്കറ്റിന് പിന്നിൽ പന്തിന്റെ അഗ്രസീവ്നെസ്സ് ഉണർന്നത്. ഖവാജയെ തന്റെ വാക്കുകൾ കൊണ്ട് സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ച പന്ത്, ഇവിടെ കളിക്കുന്നവരെല്ലാം പുജാരയല്ലെന്ന് ഉച്ചത്തിൽ ഖവാജയോടായി പറയുകയായിരുന്നു‌. സ്റ്റമ്പ് മൈക്കുകളാണ് പന്തിന്റെ ഈ സംസാരം ഒപ്പിയെടുത്തത്. ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന ഖവാജയെ വാക്കുകൾ കൊണ്ട് ആക്രമിക്കുകയായിരുന്നു പന്തിന്റെ ലക്ഷ്യം. താരത്തിന്റെ ശബ്ദം സ്റ്റമ്പ് മൈക്ക് ഒപ്പിയെടുത്തതോടെ പന്തിന്റെ സ്ലെഡ്ജിംഗ് ക്രിക്കറ്റ് ലോകത്ത് വൈറലായി. ഇപ്പോളിതാ ഈ സംഭവത്തിൽ പന്തിനെ ട്രോൾ കൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം.