SHARE

ഓസ്ട്രേലിയക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ പരിക്ക്‌ പറ്റിയ ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശിഖാർ ധവാന് അടുത്ത കുറച്ച് മത്സരങ്ങളിൽ കളിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്ത് വന്നത്. ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ നിരാശ സമ്മാനിക്കുന്ന വാർത്തയായിരുന്നു അത്. എന്നാൽ ധവാൻ ലോകകപ്പ്‌ ടീമിനൊപ്പം തുടരുമെന്നും തൽക്കാലം ധവാന് പകരക്കാരനെ ടീമിലുൾപ്പെടുത്തുന്നില്ലെന്നും ഇന്നലെ രാത്രിയോടെ ബിസിസിഐ യുടെ അറിയിപ്പെത്തി.

ഇപ്പോളിതാ ധവാന്റെ പരിക്കിന്റെ കാര്യത്തിൽ ഏറ്റവും പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നു. പരിക്കിൽ നിന്ന് മുക്തനാവാൻ ഒരാഴ്ച സമയമാണ് ബിസിസിഐ ‌ധവാന് നൽകിയിരിക്കുന്നതെന്നും ഈ സമയത്തിനുള്ളിൽ പരിക്കിൽ നിന്ന് മോചിതനാവാൻ കഴിഞ്ഞില്ലെങ്കിൽ ധവാൻ ലോകകപ്പ് ടീമിൽ നിന്ന് പുറത്താകുമെന്നും ടൈംസ് ഓഫ് ഇന്ത്യയാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേ സമയം ധവാന് ലോകകപ്പിൽ തുടർന്ന് കളിക്കാനായില്ലെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്താകും ടീമിൽ അദ്ദേഹത്തിന് പകരക്കാരനായെത്തുക. പന്തിനെ, ധവാന് പകരക്കാരനായി ബിസിസിഐ തീരുമാനിച്ച് കഴിഞ്ഞെന്നും, നാളെ താരം ഇംഗ്ലണ്ടിലെത്തുമെന്നുമാണ് റിപ്പോർട്ട്.

അതേ സമയം ഇംഗ്ലണ്ടിലെത്തിയാലും പന്ത്, ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ചേരില്ല. ധവാന് കളിക്കാനാകില്ല എന്നുറപ്പായാൽ മാത്രമേ ഐസിസിയുടെ അനുമതി വാങ്ങി പന്തിനെ ഔദ്യോഗികമായി ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തൂ. ഇങ്ങനെ പന്തിനെ ടീമിലെടുക്കേണ്ട സാഹചര്യം വരുകയാണെങ്കിൽ അതിന് മുന്നേ ഇംഗ്ലണ്ടിലെ കാലാവസ്ഥയോടും മറ്റും പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് പന്തിനോട് പെട്ടെന്ന് തന്നെ ഇംഗ്ലണ്ടിലെത്താൻ ഇന്ത്യൻ ടീം മാനേജ്മെന്റ് ആവശ്യപ്പെട്ടത്.