SHARE

ഇന്ത്യൻ ടീമിൽ നിലവിൽ ഏറ്റവും മികച്ച ഫിറ്റ്നസുള്ള താരങ്ങളിൽ ഒരാളാണ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത്. വിക്കറ്റിന് പിന്നിലും, ബാറ്റിംഗിലും ഇത് പ്രകടവുമാണ്. വിക്കറ്റ് കീപ്പിംഗിനിടയിൽ പലപ്പോളും അക്രോബാറ്റിംഗ് ഡൈവിംഗിലൂടെ കാണികളെ ഞെട്ടിപ്പിക്കാറുമുണ്ട് പന്ത്. ഇപ്പോളിതാ സിഡ്നി‌ടെസ്റ്റിലെ ‘അഭ്യാസത്തിലൂടെ’ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ മനം കവരുകയാണ് ഈ ഇന്ത്യൻ താരം.

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നാണ് തന്റെ അക്രോബാറ്റിക്ക് നീക്കത്തിലൂടെ പന്ത് താരമായത്. ഉച്ചകഴിഞ്ഞുള്ള സെഷനിടെയുള്ള ഡ്രിങ്ക്സ് ബ്രേക്കിനിടയിലായിരുന്നു സംഭവം. സിഡ്നിയിലെ കടുത്ത ചൂടിൽ താരങ്ങളെല്ലാം തളർന്നിരിക്കുകയായിരുന്നു. ഇതിനിടയിൽ ഡബ്ല്യൂ ഡബ്യൂ ഇ (WWE) സൂപ്പർ താരം ഷോൺ മൈക്കിൾസിനെ അനുകരിക്കും വിധം പ്രശസ്തമായ കിക്കപ്പ് മൂവിലൂടെ പന്ത് കാണികളെ ഞെട്ടിക്കുകയായിരുന്നു. താരത്തിന്റെ അക്രോബാറ്റിക്ക് കിക്കപ്പ് മൂവ് വീഡിയോ സോഷ്യൽ മീഡിയയിലും വൈറലായിക്കഴിഞ്ഞു.