SHARE

ഇംഗ്ല‌ണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സിൽ ഉജ്ജ്വല ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ രംഗത്ത്. ആരെയും ഭയപ്പെടാതെ കളിക്കുന്ന പന്തിന്റെ ബാറ്റിംഗിനെ പ്രകീർത്തിക്കുന്ന നാസർ ഹുസൈൻ, അവിശ്വസനീയ പ്രതിഭയാണ് അദ്ദേഹമെന്നും ചൂണ്ടിക്കാട്ടി‌. ഡെയ്ലി മെയിലിൽ എഴുതിയ കോളത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ കുറിച്ചത്.

ഔട്ടാകുന്നതിനെക്കുറിച്ച് പന്ത് ചിന്തിക്കുന്നില്ലെന്നും, ആക്രമണാത്മക ഓപ്ഷൻ മാത്രമാണ് അദ്ദേഹം പിന്തുടരുന്നതെന്നും നാസർ ഹുസൈൻപറയുന്നു. ക്രീസിലെ പന്തിന്റെ മനോഭാവം ബെൻ സ്റ്റോക്ക്സിന്റേതിന് സമാനമാണെന്നും പന്ത് ഇന്നലെ (ചെന്നൈ‌ ടെസ്റ്റിലെ ഒന്നാമിന്നിംഗ്സിൽ) കളിച്ച ഇന്നിംഗ്സ് തനിക്ക് വലിയ ആവേശം സമ്മാനിച്ചതായും കോളത്തിൽ അദ്ദേഹം കുറിച്ചു.

അതേ സമയം ചെന്നൈ‌ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ആറാമനായി ക്രീസിലെത്തിയ പന്ത് തട്ടുപൊളിപ്പൻ ഇന്നിംഗ്സായിരുന്നു കാഴ്ച വെച്ചത്. 88 പന്തുകളിൽ 9 ബൗണ്ടറികളും 5 സിക്സറുകളുമടക്കം 91 റൺസെടുത്ത പന്ത്, ഇംഗ്ലണ്ട് ബോളർമാർക്കെതിരെ മത്സരത്തിൽ കടന്നാക്രമണം നടത്തുകയായിരുന്നു.