SHARE

ലോകത്തെ എക്കാലത്തേയും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാണ് റിവാൾഡോ. ബ്രസീൽ ദേശീയ ടീമിനൊപ്പം ലോകകപ്പും കോപ്പ അമേരിക്കയും കോൺഫെ‍ഡറേഷൻ കപ്പും റിവാൾഡോ സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്സലോണ, എ.സി.മിലാൻ തുടങ്ങിയ വമ്പൻ ടീമുകൾക്കായും റിവാൾഡോ ബൂട്ടുകെട്ടിയിട്ടുണ്ട്.

പ്രായം അമ്പതിലേക്ക് കടക്കുകയാണെങ്കിലും അതിന്റെ ആലസ്യമൊന്നും റിവാൾഡോയ്ക്കില്ല. എപ്പോഴും ഫിറ്റ്നെസിസ് പ്രധാന്യം നൽകുന്നയാളാണ് റിവാൾഡോ. താരത്തിന്റെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകളൊക്കെ കണ്ടാൽ അക്കാര്യം വ്യക്തമാണ്. എന്നാൽ ശാരീരികമികവിൽ മാത്രമല്ല കളിമികവിലും റിവാൾഡോ പഴയ കാനറിക്കിളി തന്നെയാണ്. ഇന്നലെ നടന്ന ലെജൻഡ്സ് എൽ ക്ലാസിക്കോ മത്സരത്തിൽ ഫുട്ബോൾ ലോകം ഒരിക്കൽ കൂടി റിവാൾഡോയുടെ ക്ലാസ് പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.

മത്സരത്തിൽ ബാഴ്സയെ നയിച്ചത് റിവാൾഡോയായിരുന്നു. മത്സരത്തിന്റെ 59-ാം മിനിറ്റിലാണ് ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച റിവാൾഡോയുടെ തകർപ്പൻ അസിസ്റ്റ് പിറന്നത്. സെന്റർ സർക്കിളിന് തൊട്ടുമുന്നിൽ വച്ച് കിട്ടയ പന്ത്, ഏതാണ്ട് 40 യാർഡ് അകലേക്ക് തന്റെ ഇടങ്കാലുകൊണ്ട് പാസ് ചെയ്യുകയായിരുന്നു റിവാൾഡോ. ഇടതുവിങ്ങിലൂടെ ഓടിവരുകയായിരുന്ന ജോഫ്രെ മത്യേവുവിനെ ലക്ഷ്യമിട്ടായിരുന്നു റിവാൾഡോയുടെ ഈ നീളൻ പാസ്. അളന്നുമുറിച്ചെടുത്തതുപോലെ നൽകിയ പാസ് കൃത്യമായി ബോക്സിനുള്ളിൽ മത്യേവുവിന്റെ കാലിൽ കിട്ടി. തുടർന്ന് മത്യേവു അത് ​ഗോളിലേക്ക് വഴിതിരിച്ചുവിട്ടു.