SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ തന്നെ എക്കാലത്തെയും വാശിയേറിയ പോരാട്ടങ്ങളിലൊന്നായിരുന്നു ഇന്നലെ പഞ്ചാബ് കിംഗ്സും, രാജസ്ഥാൻ റോയൽസും തമ്മിൽ നടന്നത്. 186 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് കളിക്കാനിറങ്ങിയ മത്സരത്തിന്റെ അവസാന 2 ഓവറുകളിൽ ജയത്തിലേക്ക് 8 റൺസ് മാത്രമായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാൽ ഉജ്ജ്വലമായി അവസാന 2 ഓവറുകളെറിഞ്ഞ മുസ്താഫിസുർ റഹ്മാനും, കാർത്തിക്ക്‌ ത്യാഗിയും ചേർന്ന്‌ ടീമിനെ ത്രില്ലിംഗ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

നിർണായകമായ‌ പത്തൊൻപതാം ഓവറിൽ തകർപ്പൻ വൈഡ് യോർക്കറുകളെറിഞ്ഞ മുസ്താഫിസുർ റഹ്മാനായിരുന്നു മത്സരത്തിൽ രാജസ്ഥാന് ഒരു വിദൂര വിജയ പ്രതീക്ഷ നൽകിയത്. മത്സരത്തിൽ ഏറ്റവും പ്രധാനമായതും‌ ഫിസ് എറിഞ്ഞ ഈ തകർപ്പൻ ഓവറായിരുന്നു. കളിയിൽ വിജയം നേടിയതിന് ശേഷം സംസാരിക്കവെ രാജസ്ഥാൻ താരം റിയാൻ പരാഗ്, പത്തൊൻപതാം ഓവറിൽ താൻ‌ മുസ്താഫിസുറിനോട് പറഞ്ഞ കാര്യമെന്തെന്ന് വെളിപ്പെടുത്തി. മത്സരം അവസാന ഓവറിലേക്ക് നീട്ടിയെടുക്കണമെന്ന് താൻ ഫിസിനോട് പറഞ്ഞിരുന്നതായി ചൂണ്ടിക്കാട്ടുന്ന പരാഗ്, ആ ഓവറിൽ മത്സരം പൂർത്തിയാക്കാൻ എതിരാളികളെ അനുവദിക്കരുതെന്ന് പറഞ്ഞതായും കൂട്ടിച്ചേർത്തു.

“ക്രിക്കറ്റ് ശരിക്കും രസകരമായ ഒരു ഗെയിമാണ്. ആദ്യ ഇന്നിംഗ്സിന് ശേഷം ഞങ്ങൾ ഡ്രൈവിംഗ് സീറ്റിലായിരുന്നു‌. പക്ഷേ ഫീൽഡിൽ ദയനീയമായിരുന്ന ഞങ്ങളുടെ കൈകളിൽ നിന്ന് മത്സരം അകന്നു പോയി. എന്നാൽ പത്തൊൻപതാം ഓവറിനിടെ മിഡോഫിൽ ഫീൽഡ് ചെയ്തിരുന്ന ഞാൻ ആ ഓവറിൽ മത്സരം പൂർത്തിയാക്കാൻ അനുവദിക്കരുതെന്നും, കാർത്തിക്ക് ത്യാഗി 20-ം ഓവർ എറിയാനുള്ളതിനാൽ നമുക്കൊരു അവസരമുണ്ടെന്നും മുസ്താഫിസുർ റഹ്മാനോട് പറഞ്ഞു.” റിയാൻ പരാഗ് വ്യക്തമാക്കി.