SHARE

ഈ വർഷത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തന്റെ മൂന്നാം അർധ സെഞ്ചുറി നേടി അസമിന്റെ കൗമാര സൂപ്പർ താരം റിയാൻ പരാഗ്. ടൂർണമെന്റിൽ ഇത്തവണ കളിച്ച ആദ്യ ‌മൂന്ന് മത്സരങ്ങളിൽ രണ്ട് തവണ അർധ സെഞ്ചുറി പിന്നിട്ടിരുന്ന പരാഗ് ഇന്ന് ബെംഗാളിനെതിരെ 54 പന്തിൽ 77 റൺസ് അടിച്ചു കൂട്ടുകയായിരുന്നു. 5 ബൗണ്ടറികളും, 5 സിക്സറുകളുമടങ്ങുന്നതായിരുന്നു പരാഗിന്റെ ത്രില്ലിംഗ് ഇന്നിംഗ്സ്. ഈ പ്രകടനത്തോടെ മുഷ്താഖ് അലി ട്രോഫിയിൽ ഈ വർഷം 3 അർധ സെഞ്ചുറികൾ നേടുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് പരാഗ്.

ടൂർണമെന്റിൽ അസമിന്റെ നായകൻ കൂടിയായ പരാഗ്, ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ 40 പന്തുകളിൽ 51 റൺസ് നേടി പുറത്താകാതെ നിന്നു. തമിഴ്നാടിനെതിരായ രണ്ടാം മത്സരത്തിൽ 24 റൺസ് മാത്രം നേടാനായ പരാഗ്, ജാർഖണ്ഡിനെതിരായ മൂന്നാം മത്സരത്തിൽ 38 പന്തിൽ 67 റൺസാണ് അടിച്ചു കൂട്ടിയത്.

പ്രായത്തെ വെല്ലുന്ന പക്വത തന്റെ കളിയിൽ കാഴ്ച വെക്കുന്ന പരാഗ് അസമിന് വേണ്ടി ഒറ്റയാൾപ്പോരാട്ടമാണ് മുഷ്താഖ് അലി ട്രോഫിയിൽ നടത്തുന്നത്. സഹതാരങ്ങളിൽ നിന്ന് പലപ്പോളും കാര്യമായ പിന്തുണ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. അതേ സമയം താരത്തിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന് വലിയ ആവേശം സമ്മാനിക്കുന്നതാണ് പരാഗിന്റെ ഈ മിന്നും ഫോം. കഴിഞ്ഞ സീസൺ മുതൽ തങ്ങളുടെ വിശ്വസ്ത കളികാരിലൊരാളായ പരാഗ് ഇതേ ഫോം തുടരുകയാണെങ്കിൽ അടുത്ത ഐപിഎല്ലിൽ രാജസ്ഥാന്റെ കിരീട പ്രതീക്ഷകളും വർധിക്കും.