SHARE

ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളെ ഒരിക്കൽക്കൂടി കളിക്കളത്തിൽ കാണാനുള്ള അവസരം ആരാധകർക്ക് ലഭിക്കുന്നു. അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന റോഡ് സേഫ്റ്റി ലോക ടി20 സീരീസിലാണ് ഇന്ത്യ, ഓസ്ട്രേലിയ, ശ്രീലങ്ക, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകളിലെ ഇതിഹാസ താരങ്ങൾ കളിക്കുന്നത്‌. ഇന്ത്യൻ ലെജൻഡ്സും, വെസ്റ്റിൻഡീസ് ലെജൻഡ്സും തമ്മിൽ അടുത്ത മാസം 7 നാണ്‌ ടൂർണമെന്റിലെ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുക. സച്ചിനും ബ്രയാൻലാറയും ഈ മത്സരത്തിൽ നേർക്കു നേർ മത്സരിക്കും. റോഡ് സേഫ്റ്റി സീരീസിസിൽ മൊത്തം 11 മത്സരങ്ങളാണുള്ളത്.

സച്ചിൻ ടെണ്ടുൽക്കർ, ബ്രയാൻ ലാറ എന്നിവർക്ക് പുറമേ വീരേന്ദർ സേവാഗ്, സഹീർ ഖാൻ, ശിവ് നരൈൻ ചന്ദർപോൾ, ബ്രറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരൻ, തിലകരത്നെ ദിൽഷാൻ, അജാന്ത മെൻഡിസ് തുടങ്ങിയ ഇതിഹാസ താരങ്ങളും ഈ ടൂർണമെന്റിൽ കളിക്കും. റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് ഇത്തരമൊരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

സച്ചിൻ തന്നെയാണ് ടൂർണമെന്റിൽ‌ ഇന്ത്യ ലെജൻഡ്സിനെ നയിക്കുന്നത്‌.‌ പരമ്പരയിലെ രണ്ട് മത്സരങ്ങൾക്ക് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വേദിയാകും. നാല് വീതം മത്സരങ്ങൾ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലും, നവി മുംബൈയിലെ‌ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലും നടക്കും. മുംബൈയിൽ തന്നെയുള്ള ബ്രാബോൺ സ്റ്റേഡിയത്തിൽ മാർച്ച് 22 നാണ് ടൂർണമെന്റിന്റെ കലാശപ്പോരാട്ടം നടക്കുക. മത്സരങ്ങളെല്ലാം വൈകിട്ട് 7 മണിക്ക് ആരംഭിക്കും.