SHARE

അടുത്ത മാസം അഞ്ച് മുതൽ 21 വരെ റായ്പൂരിൽ നടക്കാനിരിക്കുന്ന‌ റോഡ് സേഫ്റ്റി ലോക ടി20 സീരീസിൽ പങ്കെടുക്കുന്ന ഇംഗ്ലണ്ട് ലെജൻഡ്സ് ടീമിനെ അവരുടെ മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന കെവിൻ പീറ്റേഴ്സൺ നയിക്കും. മോണ്ടി പനേസർ, ജൊനാഥൻ ട്രോട്ട്, ഒവൈസ് ഷാ എന്നീ സൂപ്പർ താരങ്ങളും ടീമിലുണ്ട്. അതേ സമയം ശ്രീലങ്കയും തകർപ്പൻ ടീമിനെയാണ് ടൂർണമെന്റിൽ അണിനിരത്തുന്നത്. ഇതിഹാസ ഓൾ റൗണ്ടർ സനത് ജയസൂര്യയാണ് ടീമിലെ ഏറ്റവും വലിയ ആകർഷണം. തിലകരത്നെ ദിൽഷൻ, ഉപുൽ തരംഗ, അജാന്ത മെൻഡിസ്, രംഗനെ ഹെറാത്ത് എന്നീ സൂപ്പർ താരങ്ങളും ടീമിലുണ്ട്.

റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി സീരീസിന്റെ ആദ്യ എഡിഷൻ കഴിഞ്ഞ വർഷമായിരുന്നു നടന്നത്. എന്നാൽ നാല് മത്സരങ്ങൾക്ക് ശേഷം കോവിഡ് 19 നെത്തുടർന്ന് ടൂർണമെന്റ് ഉപേക്ഷിച്ചിരുന്നു. പക്ഷേ ഇക്കുറി വീണ്ടും ഇതിഹാസ താരങ്ങളുടെ ടൂർണമെന്റ് സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. 65000 പേരെ ഉൾക്കൊള്ളുന്ന റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ഇക്കുറി റോഡ് സേഫ്റ്റി സീരീസിന് വേദിയാവുന്നത്.

ഇംഗ്ലണ്ട് ലെജൻഡ്സ് ടീം ഇങ്ങനെ – കെവിൻ പീറ്റേഴ്സൺ, ഒവൈസ് ഷാ, ഫിലിപ്പ് മസ്റ്റാർഡ്, മോണ്ടി പനേസർ, നിക്ക് കോമ്പ്റ്റൺ, കബീർ അലി, ഉസ്മാൻ അഫ്സാൽ, മാത്യു ഹൊഗാർഡ്, ജെയിംസ് ടിൻഡാൽ, ക്രിസ് ട്രെമ്ലെറ്റ്, സാജിദ് മഹ്മുദ്, ജെയിംസ് ട്രെഡ് വെൽ, ക്രിസ് സ്കോഫീൽഡ്, ജോനാഥൻ ട്രോട്ട്, റയാൻ സൈഡ് ബോട്ടം.

ശ്രീലങ്കൻ ലെജൻഡ്സ് ടീം ഇങ്ങനെ – സനത് ജയസൂര്യ, ഉപുൽ തരംഗ, ചമര സിൽവ, ചിന്തക ജയസിംഹെ, തിലൻ തുഷാര, നുവാൻ കുലശേഖര, റസൽ അർനോൾഡ്, അജാന്ത മെൻഡിസ്, ഫർവീസ് മഹറൂഫ്, മഞ്ജുള പ്രസാദ്, മലിന്ദ വർണപുര, ധമ്മിക പ്രസാദ്, രംഗന ഹെറാത്ത്, ചമര കപുഗെദര, തിലകരത്നെ ദിൽഷൻ, ദുലഞ്ജന വിജെസിംഹെ.