SHARE

മാർച്ച് 5 മുതൽ 21 വരെ റായ്പൂരിൽ നടക്കാനിരിക്കുന്ന റോഡ് സേഫ്റ്റി ലോക ടി20 സീരീസിൽ വെസ്റ്റിൻഡീസ് ടീമിൽ കളിക്കാൻ ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറയും. ലാറയ്ക്ക് പുറമേ പെഡ്രോ കോളിൻസ്, കാൾ ഹൂപ്പർ, റിഡ്ലി ജേക്കബ്സ് തുടങ്ങിയ കളികാരും വിൻഡീസ് ടീമിൽ അണിനിരക്കും.

ജോണ്ടി റോഡ്സാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ ശ്രദ്ധേയ താരം. റോഡ്സിന് കൂട്ടായി നിക്കി ബോയെ, മഖായ എന്റിനി, ജസ്റ്റിൻ കെമ്പ് എന്നീ സൂപ്പർ താരങ്ങളും ടൂർണമെന്റിൽ കളിക്കും‌.

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ടൂർണമെന്റിൽ നിന്ന് പിന്മാറിയ ഓസ്ട്രേലിയൻ ലെജൻഡ്സിന് പകരമെത്തുന്ന ബംഗ്ലാദേശ് ലെജൻഡ്സും മികച്ച ടീമിനെയാണ് മത്സരങ്ങൾക്കായി അണിനിരത്തുന്നത്. ഖാലിദ് മഹ്മുദ്, മൊഹന്മദ് റഫീഖ്, അബ്ദുർ റസാക്, അഫ്താബ് അഹമ്മദ് എന്നിവരാണ്‌ ബംഗ്ലാദേശ് ലെജൻഡ്സിലുള്ള ശ്രദ്ധേയ താരങ്ങൾ.

റോഡ് സുരക്ഷാ ബോധവൽക്കരണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി സീരീസിന്റെ ആദ്യ എഡിഷൻ കഴിഞ്ഞ വർഷമായിരുന്നു നടന്നത്. എന്നാൽ നാല് മത്സരങ്ങൾക്ക് ശേഷം കോവിഡ് 19 നെത്തുടർന്ന് ടൂർണമെന്റ് ഉപേക്ഷിച്ചിരുന്നു. പക്ഷേ ഇക്കുറി വീണ്ടും ഇതിഹാസ താരങ്ങളുടെ ടൂർണമെന്റ് സംഘടിപ്പിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. 65000 പേരെ ഉൾക്കൊള്ളുന്ന റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് ഇക്കുറി റോഡ് സേഫ്റ്റി സീരീസിന് വേദിയാവുന്നത്.

വെസ്റ്റിൻഡീസ് ലെജൻഡ്സ് – ബ്രയാൻ ലാറ, ഡി രാംനരൈൻ, ആദം സാൻഫോഡ്, കാൾ ഹൂപ്പർ, ഡ്വെയിൻ സ്മിത്ത്, റയാൻ ഓസ്റ്റിൻ, വില്ല്യം പെർക്കിൻസ്, നാഗമൂടൂ, പെഡ്രോ കോളിൻസ്, റിഡ്ലി ജേക്കബ്സ്, നർസിംഗ് ഡിയോനരൈൻ, ടിനോ ബെസ്റ്റ്, സുലൈമാൻ ബെൻ.

ദക്ഷിണാഫ്രിക്കൻ ലെജൻഡ്സ് – മോർനെ വാൻ വൈക്ക്, ആൽവിറോ പീറ്റേഴ്സൺ, നിക്കി ബോയെ, ആൻഡ്രൂ പുട്ടിക്ക്, തൻഡി ഷബലാല, ലൂട്സ് ബോസ്മാൻ, നോറിസ് ജോൺസ്, സാൻഡർ ഡി ബ്രൂയിൻ, മോണ്ടെ സോണ്ടകി, ഗാർബെറ്റ് ക്രൂഗർ, റോജർ ടെലിമാക്കസ്, ജോണ്ടി റോഡ്സ്, മഖായ എന്റിനി, ജസ്റ്റിൻ കെമ്പ്.

ബംഗ്ലാദേശ് ലെജൻഡ്സ് – ഖാലിദ് മഹ്മുദ്, മൊഹമ്മദ് ഷരിഫ്, മുഷ്ഫിഖുർ റഹ്മാൻ, നഫീസ് ഇഖ്ബാൽ, മൊഹമ്മദ് റഫീഖ്, അബ്ദുർ റസാക്, ഖാലിദ് മഷൂദ്, ഹന്നൻ സർക്കാർ, ജാവേദ് ഒമർ, രജിൻ സാലെ, മെഹ്രാബ് ഹൊസൈൻ, അഫ്താബ് അഹമ്മദ്, അലാമിർ കബീർ.