SHARE

സ്വതന്ത്ര പരിശീലകറോളിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഐറിഷ് ഇതിഹാസതാരം റോബി കീൻ. അമേരിക്കയിലെ മേജർ ലീ​ഗ് സോക്കറിൽ കളിക്കുന്ന സൂപ്പർക്ലബായ ലോസ് ആഞ്ജലീസ് ​ഗാലക്സിയുടെ പരിശീലകനായി കീൻ ചുമതലയേറ്റേക്കുമെന്നാണ് ഇം​ഗ്ലീഷ്-ഐറിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സൂപ്പർതാരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച് ക്ലബ് വിട്ടതിന് പിന്നാലെ തകർച്ചയിലാണ് ​ഗാലക്സി. നിലവിൽ ലി​ഗിലെ വെസ്റ്റേൺ കോൺഫെറൻസിൽ അവസാനസ്ഥാനത്താണ് ​ഗാലക്സി. ഈ സാഹചര്യത്തിൽ പരിശീലകനായിരുന്ന ​ഗ്വിലെർമോ ഷെലാർട്ടോയെ ക്ലബ് പുറത്താക്കിയിരുന്നു. ഈ സ്ഥാനത്തേക്ക് കീൻ പകരക്കാരനായി എത്തുമെന്നാണ് വാർത്തകൾ. ​ഗാലക്സിക്കായി മുമ്പ് അഞ്ച് വർഷത്തോളം കളിച്ച കീൻ,ക്ലബുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയെന്നും സൂചനയുണ്ട്.

ടോട്ടനം, ലിവർപൂൾ, ലീഡസ് തുടങ്ങിയ ഇം​ഗ്ലീഷ് സൂപ്പർക്ലബുകൾക്കായി കീൻ ബൂട്ടുകെട്ടിയിട്ടുണ്ട്. ഐ.എസ്.എൽ നാലാം സീസണിൽ എ.ടി.കെയ്ക്കായി കീൻ കളിച്ചിരുന്നു. ആകെ 11 മത്സരങ്ങളിൽ നിന്ന് എട്ട് ​ഗോൾ നേടിയ കീൻ, കുറച്ചു മത്സരങ്ങളിൽ പ്ലേയർ-കോച്ചായും പ്രവർത്തിച്ചു. അയർലൻഡ് ദേശീയ ടീം, മിഡിൽസ്ബ്രോ എന്നിവരുടെ സഹപരിശീലകനായും കീൻ ചുമതലവഹിച്ചിരുന്നു.