SHARE

അയർലൻഡ് ഫുട്ബോളിലെ ഇതിഹാസതാരങ്ങളിലൊരാളായ റോബി കീൻ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ഇന്ന് രാവിലെ ഇറക്കിയ പത്രപ്രസ്താവനയിലൂടെയാണ് 21 വർഷം നീണ്ട കരിയറിന് കീൻ വിരാമമിട്ടത്. അയർലൻഡ് ദേശീയ ടീമിന്റെ സഹപരിശീലകനായി ഇനി കീൻ ചുമതലയേൽക്കും

ഇം​ഗ്ലീഷ് ക്ലബ് വോൾവറാംപ്ടനിൽ 1997-ലാണ് കീന്റെ സീനിയർ കരിയറിന് തുടക്കമാകുന്നത്. പിന്നീട് കവന്ററി സിറ്റി, ഇന്റർ മിലാൻ,ടോട്ടനം, ലിവർപൂൾ, കെൽറ്റിക്ക്, ലോസ് ആഞ്ജലീസ് ​ഗാലക്സി തുടങ്ങി ഒട്ടേറെ ക്ലബുകളിൽ കളിച്ചു. കഴിഞ്ഞ സീസണിൽ ഐ.എസ്.എൽ ക്ലബ് എ.ടിയകെയ്ക്ക് വേണ്ടിയാണ് കീൻ അവസാനമായി ബൂട്ടുകെട്ടിയത്. എ.ടി.കെയ്ക്കായി അവസാന മത്സരങ്ങളിൽ പരിശീലകന്റെ ചുമതലകൂടി ഏറ്റെടുത്ത കീൻ ഒമ്പത് മത്സരങ്ങളിൽ നിന്ന് ആറ് ​ഗോൾ നേടിയിരുന്നു.

അയർലൻഡ് ദേശീയ ടീമിനായി 146 മത്സരങ്ങൾ കളിച്ച കീൻ 68 ​ഗോളുകളും നേടിയിട്ടുണ്ട്.അയർലൻഡിനായി 2002 ലോകകപ്പ് കളിച്ച കീൻ ടൂർണമെന്റിൽ മൂന്ന് ​ഗോളും നേടി. 2012, 2016 യൂറോ കപ്പുകളിലും കളിച്ചിരുന്നു. 2006 മുതൽ പത്ത് വർഷം ദേശീയ ടീം ക്യാപ്റ്റനുമായിരുന്നു. 2016-ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു.