SHARE

ഈ സീസൺ അവസാനത്തോടെ ജർമൻ ക്ലബ് ബയേൺ മ്യൂണിച്ച് വിടുമെന്ന് സൂപ്പർ താരം ആര്യൻ റോബൻ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതോടെ സൂപ്പർ താരത്തിന്റെ അടുത്ത തട്ടകമേതെന്ന ചർച്ചയിലാണ് ഫുട്ബോൾ ലോകം. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച റോബൻ ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്നും വാർത്തകളുണ്ട്.

റോബന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ തുടരുന്നതിനിടെ പഴയ ക്ലബായ പി.എസ്.വി ഏന്തോവനിലേക്ക് താരം മടങ്ങിയെത്തിയേക്കുമെന്ന് വാർത്തകളുണ്ട്. റോബന്റെ സഹതാരം കൂടിയായിരുന്ന മാർക്ക് വാൻ ബൊമ്മലാണിപ്പോൾ പി.എസ്.വി പരിശീലകൻ. വാൻ ബൊമ്മലും ക്ലബ് അധികൃതരും ഇതിനകം റോബനുമായി ചർച്ച നടത്തിയെന്നാണ് വാർത്തകൾ. പി.എസ്.വിയിലേക്ക് താരത്തെ തിരിച്ചെത്തിക്കുന്നതിന്റെ ഭാ​ഗമായാണിത്.

2002 മുതൽ രണ്ട് സീസണാണ് റോബൻ പി.എസ്.വിയിൽ കളിച്ചിരുന്നത്. അക്കാലയളവിൽ ഡച്ച് ലീ​ഗ് കിരീടം നേടിയിട്ടുണ്ട് റോബൻ. പിന്നീട് ഇം​ഗ്ലീഷ് ക്ലബ് ചെൽസി, സ്പാനിഷ് ക്ലബ് റയൽ മഡ്രിഡ് എന്നിവിടങ്ങളിൽ കളിച്ച റോബൻ 2009-ലാണ് ബയേണിലെത്തുന്നത്.