നാലാം സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിരവധി സൂപ്പര്‍ താരങ്ങളാണ് കളിക്കാനെത്തിയത്. അക്കൂട്ടത്തില്‍ പ്രധാനിയായിരുന്നു എ ടി കെയുടെ ഐറിഷ് മുന്നേറ്റതാരം റോബി കീന്‍. ലോകോത്തര ക്ലബുകളായ ലിവര്‍പൂളിനും ഇന്റര്‍ മിലാനും ടോട്ടനം ഹോട്സ്പറിനും വേണ്ടി കളിച്ച പരിചയ സമ്പത്തുമായി ഇന്ത്യയിലെത്തിയ റോബി കീന്‍ പക്ഷേ, എ ടി കെയെ മികവിലേക്കുയര്‍ത്താന്‍ കഴിഞ്ഞില്ല.
18 കളികളില്‍ നിന്ന് 4 വിജയം മാത്രം നേടിയ അവര്‍ ലീഗില്‍ 9ാം സ്ഥാനത്തായിരുന്നു. പരുക്ക് മൂലം വലഞ്ഞ കീൻ 9 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളാണ് എ ടി കെക്ക് വേണ്ടി നേടിയത്. കോച്ച് ടെഡി ഷെറിംഗ്ഹാം സ്ഥാനമൊഴിഞ്ഞതിന് ശേഷം ടീമിന്റെ പ്ലേയര്‍ കം മാനേജറായി കീന്‍ പ്രവര്‍ത്തിക്കേണ്ടതായും വന്നു. എന്തായാലും ഇന്ത്യയിലെ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് റോബി കീന്‍.
‘ ഇന്ത്യയില്‍ കളിച്ചത് മികച്ച അനുഭവമായിരുന്നു, അത് നിങ്ങളുടെ കണ്ണ് തുറപ്പിക്കും, ഫുട്ബോള്‍ അവിടെയുണ്ട്, ഒരു പാട് ദരിദ്രരും ഇന്ത്യയിലുണ്ട്, എന്നാല്‍ അവിടുത്തെ ജനങ്ങള്‍ വളരെയധികം അദ്ഭുതപ്പെടുത്തി, ആരാധകരുമായുള്ള അനുഭവങ്ങളെല്ലാം ഞാന്‍ ആസ്വദിച്ചു, ടെഡി ഷെറിംഗ്ഹാം അവിടെയുള്ളത് കൊണ്ടാണ് ഞാന്‍ എ ടി കെയില്‍ എത്തിയത്, എന്നാല്‍ അദ്ദേഹം പാതിവഴിയില്‍ ക്ലബ് വിട്ടു, അതിന് ശേഷം അല്‍പ്പം ബുദ്ധിമുട്ടി’ – റോബി കീന്‍ പറഞ്ഞു.