SHARE

മെയ് മാസത്തില്‍ അവസാനിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം റോബിന്‍ ഉത്തപ്പ ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു. 2018 സീസണ്‍ കര്‍ണാടക പ്രീമിയര്‍ ലീഗിലാണ് ഉത്തപ്പ കളിക്കുന്നത്. നേരത്തെ ലേലത്തിനുള്ള പട്ടികയില്‍ ഉത്തപ്പ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലെത്തിയ കരുണ്‍ നായര്‍ക്ക് പകരമാണ് ഉത്തപ്പയെ ലേലപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കെ പി എല്‍ ഏഴാം എഡിഷന്‍ പ്രഖ്യാപനം കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ ബെംഗളുരുവില്‍ വെച്ച് നടത്തി. ഓഗസ്റ്റ് മാസത്തില്‍ നടക്കുന്ന ലീഗിന്റെ ഷെഡ്യൂള്‍ അസോസിയേഷന്‍ പുറത്തുവിട്ടിട്ടില്ല. കരുണ്‍ നായര്‍ക്ക് പകരം ഉത്തപ്പ ലേലത്തിനുള്ള താരങ്ങളുടെ ഡ്രാഫ്റ്റില്‍ എത്തുമെന്ന കെ എസ് സി എ വാക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

‘താരങ്ങളുടെ ലേലത്തില്‍ പങ്കെടുക്കാമെന്ന് റോബിന്‍ ഉത്തപ്പ പറഞ്ഞിട്ടുണ്ട്, ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിച്ചത് കരുണ്‍ നായരെ സംബന്ധിച്ച് നല്ല കാര്യമാണ്, എന്നാല്‍ ഈ സീസണ്‍ കെ പി എല്ലിന് അത് നിര്‍ഭാഗ്യമാണ്’ – അസോസിയേഷന്‍ വാക്താവ് വ്യക്തമാക്കി. 11ാം സീസണ്‍ ഐ പി എല്ലില്‍ 16 മത്സരങ്ങള്‍ കളിച്ച ഉത്തപ്പ 351 റണ്‍സാണ് നേടിയിരുന്നത്.