SHARE

ബ്രസീലിയൻ സൂപ്പർ താരം റൊബീന്യോ വീണ്ടും ക്ലബ് മാറി. തുർക്കിഷ് ക്ലബായ ഇസ്താംബൂൾ ബസെക്ഷിറിലേക്കാണ് റൊബീന്യോയെത്തുന്നത്. തുർക്കിയിലെ തന്നെ സിവാസ്പോറിൽ നിന്നാണ് സൂപ്പർതാരം ബസെക്ഷിറിലെത്തുന്നത്. ലീ​ഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള ബസെക്ഷിർ റൊബന്യോയെ സ്വന്തമാക്കുന്നതോടെ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്.

മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കുന്ന കാലത്തെ സഹതാരമായിരുന്ന ഇമ്മാനുവൽ അഡബയറിനൊപ്പം പുതിയ ക്ലബിൽ റൊബീന്യോ ഒത്തുചേരും. അഡബയറിനൊപ്പം സിറ്റിയുടെ തന്നെ മുൻ താരമായി ​ഗെയിൽ ക്ലിഷിയും തുർക്കിഷ് സൂപ്പർ താരം അർദാ ടുറാനും ബസെക്ഷിറിലുണ്ട്. ജനുവരിയിൽ സിവാസ്പോറിലെത്തിയ റൊബീന്യോ മിന്നുന്ന പ്രകടനമാണ് അവിടെ നടത്തിയത്. ഇതുവരെ മുപ്പത് മത്സരങ്ങളിൽ നിന്ന് 12 ​ഗോളുകൾ റൊബീന്യോ സ്വന്തം പേരിൽ കുറിച്ചു.

ബ്രസീലിയൻ ക്ലബ് സാന്റോസിൽ കളിച്ചുതുടങ്ങിയ റൊബീന്യോ പിന്നീട് റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, എ.സി.മിലാൻ തുടങ്ങിയവയക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 2013-ൽ ഇറ്റലിയിൽ വെച്ച് ഒരു യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ ഇറ്റാലിയൻ കോടതി റൊബീന്യോയ്ക്ക് ഒമ്പത് വർഷം തടവുശിക്ഷ വിധിച്ചിരുന്നു. കേസിൽ റൊബീന്യോ അപ്പീൽ പോയിട്ടുള്ളതിനാൽ അതിന്റെ വിധി വരാതെ ശിക്ഷ നടപ്പാക്കാനാകില്ല