SHARE

കഴിഞ്ഞ ദിവസമാണ് ബ്രസീലിയൻ താരം റോബീഞ്ഞോയുമായി ഇന്ത്യൻ ക്ലബ്ബ് ഈസ്റ്റ് ബെംഗാൾ ചർച്ചയിലാണെന്ന വാർത്ത പുറത്ത് വന്നത്‌. താരവുമായുള്ള ചർച്ച അവസാന ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്ന തരത്തിലുമായിരുന്നു വാർത്തകൾ. റോബീഞ്ഞോയെപ്പോലൊരു പ്രമുഖ താരം ഇന്ത്യയിൽ കളിക്കാനെത്തുമോ എന്ന കാര്യത്തിൽ പലർക്കും സംശയമുണ്ടായെങ്കിലും അതിനുള്ള സാധ്യതകൾ വർധിക്കുകയാണ്.

നിലവിൽ തുർക്കിഷ് ക്ലബ്ബായ സിവാസ്പോറിന്റെ താരമാണ് റോബീഞ്ഞോ‌. സിവാസ്പോറുമായി റോബീഞ്ഞോയ്ക്ക് 2019 വരെ കരാറുണ്ട്‌. എന്നാൽ നിലവിൽ ടീം കടുത്ത സാമ്പത്തിക പ്രതിസന്ധി യിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്‌. ഇതാണ് റോബീഞ്ഞോയെ വിൽക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. 16 കോടി രൂപയോളമാണ് റോബീഞ്ഞോയുടെ ട്രാൻസ്ഫർ തുകയായി പറയപ്പെടുന്നത്. നിലവിൽ ഇത്ര ഉയർന്ന തുകയ്ക്ക് ഒരു താരത്തെ വിൽക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സിവാസ്പോർ ടീമിന് ചെറിയ ആശ്വാസമാകും.

ഒരു കാലഘട്ടത്തിൽ ബ്രസീൽ ദേശീയ ടീമിലെ സൂപ്പർ താരമായിരുന്നു റോബിഞ്ഞോ. റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, എ.സി.മിലാൻ തുടങ്ങിയ വമ്പൻ ക്ലബ്ബുകളിൽ പന്ത് തട്ടിയ താരം ബ്രസീൽ ദേശീയ ടീമിന് വേണ്ടി 100 മത്സരങ്ങൾ കളിച്ച് 28 ഗോളുകളും നേടിയിട്ടുണ്ട്.