SHARE

സൂപ്പർതാരം റൊബീന്യോയുടെ കരാർ റദ്ദാക്കി ബ്രസീലിയൻ സൂപ്പർ ക്ലബ് സാന്റോസ്. ഒരാഴ്ച മുമ്പ് മാത്രമാണ് താരം ക്ലബുമായി കരാറിലെത്തിയത്. റൊബീന്യോയ്ക്കെതിരെ മുമ്പ് ഉയർന്ന പീഡന കേസിനെച്ചൊല്ലി, സ്പോൺസർമാർ ഇടഞ്ഞതോടെയാണ് കരാർ റ​ദ്ദാക്കാൻ ക്ലബ് നിർബന്ധിതരായത്.

ഇക്കഴിഞ്ഞ പത്താം തിയതിയാണ് റൊബീന്യോ ബാല്യകാല ക്ലബായ സാന്റോസുമായി കരാറിലെത്തിയത്. ബ്രസീലിലെ അടിസ്ഥാനവേതന നിരക്കിനേക്കാൾ അൽപ്പം മാത്രം ഉയർന്ന പ്രതിഫലത്തിനാണ് താരം ക്ലബുമായി കരാറിലെത്തിയത്. എന്നാൽ ഇതിനിടെയാണ് താരത്തിനെതിരായ പഴയ പീഡനക്കേസ് ഉയർത്തി ആരാധകരും ക്ലബ് സ്പോൺസർമാരും പ്രതിഷേധിച്ചത്.

2013-ൽ ഇറ്റലിയിലെ മിലാനിൽ വച്ച് ഒരു അൽബേനിയൻ യുവതിയെ റൊബീന്യോയും സംഘവും കൂട്ടബലാത്സം​ഗം ചെയ്തെന്നാണ് കേസ്. ഇതിൽ താരത്തിന് ഒമ്പത് വർഷത്തെ തടവ് വിധിച്ചിരുന്നു. ഇതിനെതിരെ റൊബീന്യോ അപ്പീൽ നൽകി,കേസ് തുടരുകയാണ്. ഇതിനിടെ താരത്തെ ടീമിൽ എത്തിച്ചതാണ് ആരാധകരെ അമർഷരാക്കിയത്.

ക്ലബ് സ്പോൺസർമാരിലൊരാളായ ഓർത്തോപ്രൈഡ്, റൊബീന്യോയെ ടീമിലുൾപ്പെടുത്തിയാൽ തങ്ങൾ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറുമെന്ന് അറിയിച്ചു. മറ്റ് ചില സ്പോൺസർമാരും ഇതേ നിലാപാടെടുത്തു. ഇതോടെയാണ് ബ്രസീലിയൻ താരത്തിന്റെ കരാർ റദ്ദാക്കാനുള്ള സാന്റോസിന്റെ തീരുമാനം.