SHARE

ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ 3-0 ന് പരാജയപ്പെട്ടെങ്കിലും ഐസിസി പുറത്തിറക്കിയ പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യൻ വനിതകൾക്ക് വൻ കുതിപ്പ്. ബാറ്റ്സ് വിമന്മാരിൽ ജെമീമ റൊഡ്രീഗസും, സ്മൃതി മന്ദാനയുമാണ് മികച്ച നേട്ടമുണ്ടാക്കിയത്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് 132 റൺസ് നേടിയ ജെമീമ റൊഡ്രീഗസ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബാറ്റിംഗ് റാങ്കിംഗിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, 180 റൺസോടെ പരമ്പരയിലെ ടോപ്‌സ്കോററായ മന്ദാന നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബാറ്റ്സ് വിമന്മാരിൽ ആറാം റാങ്കിലെത്തി.

പരമ്പരയിൽ മികച്ച ബോളിംഗ് പ്രകടനം കാഴ്ച വെച്ച ഇന്ത്യൻ ബോളർമാരും പുതിയ റാങ്കിംഗിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പരമ്പരയിൽ 4 വിക്കറ്റെടുത്ത സ്പിന്നർ രാധാ യാദവ് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബോളർമാരിൽ പത്താം റാങ്കിലെത്തിയപ്പോൾ, അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ദീപ്തി ശർമ്മ പതിനാലാം സ്ഥാനത്തേക്ക് കയറി.

ജെമീമയ്ക്കും, മന്ദാനയ്ക്കും പുറമേ ഹർമൻപ്രീത് കൗറാണ് (ഏഴാം റാങ്ക്) ബാറ്റിംഗിൽ ആദ്യ പത്ത് റാങ്കിലുള്ള മറ്റൊരു താരം. ബോളർമാരിൽ ഇന്ത്യയുടെ പൂനം യാദവാണ് രണ്ടാമത്. ടീം റാങ്കിംഗിൽ ഓസ്ട്രേലിയക്കും, ന്യൂസിലൻഡിനും, ഇംഗ്ലണ്ടിനും താഴെ നാലാമതാണ് ഇന്ത്യ.