SHARE

ഇംഗ്ലണ്ടിൽ നടന്ന് കൊണ്ടിരിക്കുന്ന വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിൽ തകർപ്പൻ റണ്ണൗട്ട് നടത്തി വെറ്ററൻ ഓൾറൗണ്ടർ റോളഫ് വാൻഡർമെർവെ. ടൂർണമെന്റിൽ സോമർസെറ്റിന്റെ താരമായ വാൻഡർമെർവെ കഴിഞ്ഞ ദിവസം മിഡിൽസക്സിനെതിരെ നടന്ന മത്സരത്തിൽ പാക് സൂപ്പർ താരം മൊഹമ്മദ് ഹഫീസിനെയാണ് രസകരമായ റണ്ണൗട്ടിലൂടെ പവലിയനിൽ തിരിച്ചെത്തിച്ചത്. വാൻഡർമെർവെയുടെ ഈ തകർപ്പൻ റണ്ണൗട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.

മിഡിൽസക്സ് ഇന്നിംഗ്സിന്റെ ഒൻപതാം ഓവറിലായിരുന്നു സംഭവം. സോമർസെറ്റിന് വേണ്ടി പന്തെറിയുന്നത് ഇടം കൈയ്യൻ സ്പിന്നർ റോളഫ് വാൻഡർമെർവെ. ഡിവില്ലിയേഴ്സായിരുന്നു സ്ട്രൈക്കിംഗ് എൻഡിൽ. ഓവറിലെ നാലാം പന്ത് ഡിവില്ലിയേഴ്സ് മുന്നോട്ടടിച്ചു. പന്ത് വാൻഡർമെർവെയുടെ അടുത്തെത്തുന്ന സമയം നോൺ സ്ട്രൈക്കിംഗ് എൻഡിലുണ്ടായിരുന്ന ഹഫീസ്, പോപ്പിംഗ് ക്രീസിന് വെളിയിലായിരുന്നു. സ്വയം പന്തിനെ നട്ട് മെഗ് ചെയ്ത വാൻഡർമെർവെ, തുടർന്ന് നോൺ സ്ട്രൈക്കിംഗ് എൻഡിലെ ബെയിൽസ് തെറിപ്പിച്ചു. ഈ സമയം ഹഫീസിന് ക്രീസിലെത്താനായില്ല. അങ്ങനെ താരത്തിന് തന്റെ വിലപ്പെട്ട വിക്കറ്റ് നഷ്ടമായി.