SHARE

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മുന്നേറ്റം. മഴമൂലം ആദ്യ ദിവസത്തെ കളി നേരത്തെ അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെന്ന നിലയിലാണ് ഇന്ത്യ. റാഞ്ചിയിലാണ് ടെസ്റ്റ് നടക്കുന്നത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം തിരിച്ചടികൾ നിറഞ്ഞതായിരുന്നു. സ്കോർ ബോർഡിൽ 39 റൺസ് എത്തിയപ്പോൾ തന്നെ മായങ്ക് അ​ഗർവാൾ, ചേത്വേശ്വർ പൂജാര, ക്യാപ്റ്റൻ വിരാട് കോഹ്ലി എന്നിവരെ ഇന്ത്യക്ക് നഷ്ടമായി. തുടർന്ന് രോഹിത് ശർമയും അജിൻക്യ രഹാനെയെ ചേർന്ന് ഇന്ത്യയ്ക്ക് മുന്നേറ്റം നൽകി. രോഹിത് സെഞ്ച്വറിയും രഹാനെ അർധസെഞ്ച്വറിയും നേടി ക്രീസിലുണ്ട്. ഇരുവരും ചേർന്ന നാലാം വിക്കറ്റ് കൂട്ടുകെട്ട് ഇതിനകം 185 റൺസ് നേടി

രോഹിത് 164 പന്തുകളിൽ നിന്ന് പതിനാല് ഫോറും നാല് സിക്സുമടക്കം 117 റൺസെടുത്തിട്ടുണ്ട്. രഹാനെയാകട്ടെ 135 പന്തിൽ നിന്ന് പതിനൊന്ന് ഫോറും ഒരു സിക്സുമടക്കം 83 റൺസാണ് നേടിയിരിക്കുന്നത്.