SHARE

രാജ്‌കോട്ടിലെ ബംഗ്ലാദേശിനെതിരായ ടി20 ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു കോഹ്‌ലിയുടെ അഭാവത്തില്‍ ടീം ഇന്ത്യയെ നയിച്ച രോഹിത്തിനത് തന്റെ നൂറാം അന്താരാഷ്ട്ര ട്വന്റി-ട്വന്റി മത്സരമായിരുന്നു. എന്തായാലും നൂറാം മത്സരം അവിസ്മരിണിയമായ ആഘോഷമാക്കിക്കളഞ്ഞു ഹിറ്റ്മാന്‍. നൂറാം മത്സരത്തില്‍ രോഹിത്തിന്റെ ബാറ്റ് അക്ഷരാര്‍ത്ഥത്തില്‍ തീ തുപ്പുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടിയത് ആദ്യ 23 പന്തില്‍ നിന്നായിരുന്നു.

പത്താം ഓവറിലെ ആദ്യ മൂന്നു പന്തുകളിലും ഗ്യാലറിയെ ഇളക്കി മറിച്ചുകൊണ്ട് സിക്‌സറുകള്‍, ഇതുള്‍പ്പടെ സ്വന്തം പേരില്‍ ചേര്‍ത്ത് ആറു സിക്‌സറുകളും ആറു ബൗണ്ടറികളും. 43 പന്തില്‍ നിന്നാണ് 85 റണ്‍സ് രോഹിത് അടിച്ചു കൂട്ടിയത്. നൂറാം മത്സരത്തില്‍ നൂറടിക്കുവാനുള്ള കുതിപ്പിനിടയില്‍ കേവലം 15 റണ്‍സ് മാത്രം പിന്നിലാണ് താരത്തിന്റെ വിക്കറ്റ് വീണത്.

എപ്പോളൊക്കെ ബാറ്റ് ചെയ്തിട്ടുണ്ടോ അപ്പോളൊക്കെ ഏറ്റവും മികച്ചത് പുറത്തെടുക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്നും 2019 തന്നെ സംബന്ധിച്ച് മികച്ച വര്‍ഷമായിരുന്നുവെന്നും രാജ്‌കോട്ടില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്യാനാവുമെന്ന് തനിക്കറിയാമായിരുന്നുവെന്നും മത്സരശേഷം രോഹിത് പറഞ്ഞു. ബംഗ്ലാദേശിനെ 153 റണ്‍സിലൊതുക്കിയതിന് ബൗളര്‍മാരെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.