SHARE

2020-21 സീസൺ ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ഇന്ത്യൻ മധ്യനിര താരം രോഹിത് കുമാറിനെ ടീമിലെത്തിക്കാനൊരുങ്ങി ബെംഗളൂരു എഫ് സി. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സി യിൽ നിന്ന് കേരളാ ബ്ലാസ്റ്റേഴ്സിലെത്തിയ താരം മാനേജ്മെന്റുമായുള്ള പരസ്പര ധാരണയോടെ ഇക്കുറി ക്ലബ്ബ് വിടാൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് ഗോൾ ഡോട്ട്കോം റിപ്പോർട്ട് ചെയ്യുന്നത്.

ബ്ലാസ്റ്റേഴ്സ് ദയനീയ പ്രകടനം കാഴ്ച വെച്ച 2020-21 സീസണിൽ ക്ലബ്ബിനായി 11 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരമാണ് രോഹിത് കുമാർ. ഇതിൽ 6 മത്സരങ്ങളിലാണ് അദ്ദഹം സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ചത്. ബ്ലാസ്റ്റേഴ്സിനായി കളിക്കാനിറങ്ങിയ മത്സരങ്ങളിൽ മൊത്തം 17 ടാക്കിളുകളും, 8 ഇന്റർസെപ്ഷനുകളും, നാല് ക്ലിയറൻസുകളും അദ്ദേഹം നടത്തി.

അതേ‌ സമയം കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്ത് മാത്രം ഫിനിഷ് ചെയ്യാനായ ബെംഗളൂരു എഫ് സി വരും സീസണിന് മുൻപ് തങ്ങളുടെ കരുത്ത് വർധിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചനകൾ. അതിന്റെ ആദ്യ പടിയെന്നോണമാണ് രോഹിത് കുമാറിനെ അവർ ടീമിലെത്തിക്കാനൊരുങ്ങുന്നത്. അധികം വൈകാതെ ഇക്കാര്യത്തിൽ ക്ലബ്ബിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.