SHARE

ഹോംഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് നേരിട്ട തോല്‍വിക്ക് എതിരാളികളുടെ തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ തിരിച്ചടി. ക്യാപ്റ്റന്റെ കളി പുറത്തെടുത്ത രോഹിത് ശര്‍മ (56) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 8 വിക്കറ്റിനാണ് മുംബൈയുടെ ജയം. സൂര്യകുമാര്‍ യാദവ് (44), എവിന്‍ ലൂയിസ് (47) എന്നിവരും നിര്‍ണായക സംഭാവന നല്കി. ജയത്തോടെ ഏഴാം സ്ഥാനത്തേക്ക് വീണ്ടും തിരിച്ചെത്താന്‍ മുംബൈയ്ക്കായി. സ്‌കോര്‍ ചെന്നൈ 169-5, മുംബൈ 170-2.

നിലനില്പിന് വിജയം മാത്രമാണ് പരിഹാരമെന്ന തിരിച്ചറിവില്‍ ചെന്നൈ ഉയര്‍ത്തിയ ലക്ഷ്യം തേടിയിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. എവിന്‍ ലൂയിസിനെ കാഴ്ച്ചക്കാരനാക്കി സൂര്യകുമാര്‍ യാദവാണ് തുടക്കത്തില്‍ ആക്രമിച്ചു കളിച്ചത്. ആദ്യ വിക്കറ്റില്‍ 69 റണ്ഡസ് കൂട്ടിച്ചേര്‍ത്ത് പത്താം ഓവറിലാണ് സൂര്യകുമാര്‍ മടങ്ങിയത്. 34 പന്തില്‍ 44 റണ്‍സെടുത്ത മുംബൈ ഓപ്പണറെ തിരിച്ചയച്ചത് വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗായിരുന്നു. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉത്തരവാദിത്വത്തോടെ കളിച്ചതോടെ മുംബൈ അനായാസം മുന്നേറി.

പതിയെ തുടങ്ങിയ ലൂയിസ് ഗിയര്‍ മാറ്റി തുടങ്ങിയതോടെ സ്‌കോറും ഉയര്‍ന്നു. ഇതിനിടെ ദീപക് ചഹാറിന് പരിക്കേറ്റത് ചെന്നൈയ്ക്ക് തിരിച്ചടിയായി. അവസാന നാലോവറില്‍ ഒന്‍പതു വിക്കറ്റ് ശേഷിക്കേ 42 റണ്‍സായിരുന്നു മുംബൈയ്ക്ക് വേണ്ടിയിരുന്നത്. പതിനേഴാം ഓവറിലെ ആദ്യ പന്തില്‍ ലൂയിസിനെ (47) വീഴ്ത്തി ബ്രാവോ ചെന്നൈയെ വീണ്ടും കളിയിലേക്ക് തിരിച്ചെത്തിച്ചു. എന്നാല്‍ രോഹിതിലൂടെ മുംബൈ തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ പതിയെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റായി ഷെയ്ന്‍ വാട്‌സണ്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 26 റണ്‍സ് മാത്രം. പാണ്ഡ്യയാണ് വാട്‌സനെ (12) പുറത്താക്കിയത്. എന്നാല്‍ സുരേഷ് റെയ്‌ന അമ്പാട്ടി റായ്ഡുവിന് കൂട്ടായി ക്രീസിലെത്തിയതോടെ കളി മാറി. ബൗളര്‍മാരെ സമര്‍ഥമായി നേരിട്ട ഇരുവരും അതിവേഗം സ്‌കോറുയര്‍ത്തി. മറ്റൊരു വമ്പന്‍ ഇന്നിംഗ്‌സ് കളിക്കാനുള്ള ഒരുക്കത്തിലാണ് റായ്ഡുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് പാണ്ഡ്യ വീണ്ടും ആഞ്ഞടിച്ചത്. 35 പന്തില്‍ 46 റണ്‍സെടുത്ത റായ്ഡു പുറത്ത്.

സ്ഥാനക്കയറ്റം നേടി ക്യാപ്റ്റന്‍ ധോണിയെത്തിയത് വ്യക്തമായ പദ്ധതികളോടെയാണ്. റെയ്‌ന-ധോണി കൂട്ടുകെട്ട് ഒത്തുചേര്‍ന്നതോടെ സ്‌കോറും അതിവേഗം കുതിച്ചു. ഇതിനിടെ 35 പന്തില്‍ റെയ്‌ന അര്‍ധശതകം തികച്ചു. തൊട്ടുപിന്നാലെ ധോണിയെ (26) എവിന്‍ ലൂയിസിന്റെ കൈകളിലെത്തിച്ച് മിച്ചല്‍ മക്ലഗ്ഷന്‍ മുംബൈയ്ക്ക് ആശ്വാസമേകി. 47 പന്തില്‍ 75 റണ്‍സെടുത്ത റെയ്‌ന ചെന്നൈയുടെ ടോപ് സ്‌കോററായി.