SHARE

സെഞ്ചൂറിയനിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിലും അജിങ്ക്യ രഹാനെ ഉണ്ടാകില്ലെന്ന് സൂചന. എന്നാൽ ഓപ്പണർ കെ.എൽ രാഹുലും, പേസ് ബൗളർ ഇഷാന്ത് ശർമ്മയും ടീമിൽ തിരിച്ചെത്തിയേക്കും. ആദ്യ ടെസ്റ്റിൽ രഹാനെയെ പുറത്തിരുത്തി കളിക്കാൻ ഇറങ്ങിയ ടീം ഇന്ത്യ നാണംകെട്ട ബാറ്റിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ കാഴ്ച വെച്ചത്.

കേപ് ടൗൺ ടെസ്റ്റിൽ രഹാനെയെ പുറത്തിരുത്തിയതിന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഏറെ പഴി കേട്ടിരുന്നു. രഹാനെയ്ക്ക് പകരക്കാരനായി ടീമിലെത്തിയ രോഹിത് ശർമ്മയ്ക്ക് 21 റൺസാണ് ടെസ്റ്റിൽ നിന്ന് നേടാനായത്. ഇതോടെ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ രഹാനെയുടെ മടങ്ങി വരവ് ആരാധകർ പ്രതീക്ഷിച്ചെങ്കിലും രോഹിതിന് ഒരവസരം കൂടി നൽകാൻ മാനേജ്മെന്റ് തീരുമാനിച്ചതായാണ് വാർത്തകൾ. നാട്ടിൽ ശ്രീലങ്കയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചതാണ് രോഹിതിന് അനുകൂലമായി മാറിയത്.

അതേ സമയം ആദ്യ ടെസ്റ്റിൽ നിരാശപ്പെടുത്തിയ ഓപ്പണർ ശിഖാർ ധവാൻ രണ്ടാം ടെസ്റ്റിൽ ഉണ്ടാകില്ലെന്ന കാര്യം ഏറെക്കുറേ ഉറപ്പായി. വലം കൈയ്യൻ ബാറ്റ്സ്മാൻ കെ.എൽ രാഹുലാകും പകരം ടീമിൽ എത്തുക. കേപ് ടൗൺ ടെസ്റ്റിൽ 72 റൺസിന് പരാജയപ്പെട്ട ഇന്ത്യ പരമ്പരയിൽ 0-1 ന് പിറകിലാണ്. നാളെ സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുക.