SHARE

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വിജയിയായ നായകനാണ് മുംബൈ ഇന്ത്യൻസിന്റെ രോഹിത് ശർമ്മ. 2013 ൽ റിക്കി പോണ്ടിംഗിന്‌ പകരക്കാരനായി ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത രോഹിത്, 4 തവണയാണ്‌ മുംബൈയെ ഐപിഎൽ കിരീട നേട്ടത്തിലേക്ക് നയിച്ചത്. ഇപ്പോളിതാ ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റനായ രോഹിത്, മുംബൈ ഇന്ത്യൻസിന്റെ നായക സ്ഥാനത്തേക്കെത്തിയത് എങ്ങനെയെന്ന്‌ വെളിപ്പെടുത്തിയിരിക്കുന്നു.

കഴിഞ്ഞ ദിവശം ഇന്ത്യൻ സീനിയർ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിനുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിനിടെയായിരുന്നു താൻ മുംബൈ ഇന്ത്യൻസിന്റെ നായകനായത് എങ്ങനെയെന്ന് രോഹിത് വെളിപ്പെടുത്തിയത്. രോഹിതിന്റെ വാക്കുകൾ ഇങ്ങനെ, ” പ്രഗ്യാൻ ഓജയെ ഡെക്കാനിൽ നിന്ന് മുംബൈയിൽ എത്തിച്ച നീക്കത്തിന് പിന്നിൽ ഞാനുണ്ടായിരുന്നു. ഈ സമയത്ത് ടീമിന്റെ അടുത്ത ക്യാപ്റ്റൻ ഞാനായിരിക്കുമെന്നും, ആ അവസരത്തിനായി കാത്തിരിക്കാമെന്നും താൻ കരുതി. എന്നാൽ 2013 ലെ ഐപിഎൽ ലേലത്തിൽ ടീം പോണ്ടിംഗിനെ സ്വന്തമാക്കി. അദ്ദേഹവുമായി മത്സരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല (ക്യാപ്റ്റൻ സ്ഥാനത്തേക്ക്). പിന്നീട് പോണ്ടിംഗ് സ്ഥാനം വെച്ചൊഴിഞ്ഞു. ഈ സമയം ദിനേഷ് കാർത്തിക്കിനെ ക്യാപ്റ്റനാക്കാമെന്ന് ചിലർ പറഞ്ഞു. എന്നാൽ പോണ്ടിംഗ് എന്നെ വിളിച്ച് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ” രോഹിത് പറഞ്ഞുനിർത്തി.