SHARE

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്നലെ നടന്ന ഐപിഎൽ മത്സരത്തിൽ നേടിയ തകർപ്പൻ വിജയത്തിന് ശേഷം സഹതാരങ്ങളായ ലസിത് മലിംഗ, ഹാർദിക് പാണ്ട്യ എന്നിവരെ പ്രശംസിച്ച് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. മത്സരത്തിന് ശേഷമുള്ള‌ സമ്മാനദാനച്ചടങ്ങിനിടെയായിരുന്നു സഹതാരങ്ങളെ പ്രശംസിച്ച് രോഹിത് രംഗത്ത് വന്നത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ വിജയത്തിന് പ്രധാന കാരണം മലിംഗയുടേയും ഹാർദിക്കിന്റേയും തകർപ്പൻ പ്രകടനങ്ങളാണെന്ന് വ്യക്തമാക്കിയ രോഹിത്, പാണ്ട്യയെക്കുറിച്ച് പറഞ്ഞതിങ്ങനെ, “ഹാർദിക്കിന്റെ ബാറ്റിംഗ് ടീമിനും അദ്ദേഹത്തിനും വളരെയധികംആത്മവിശ്വാസം നൽകുന്നുണ്ട്. പരിശീലനത്തിന് കാര്യമായ സമയം കിട്ടാതെയായിരുന്നു ഹാർദിക് ഐപിഎല്ലിനെത്തിയത്, അത് കൊണ്ട് തന്നെ ഇവിടെ കഴിവു തെളിയിക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. അദ്ദേഹം ബാറ്റ് ചെയ്യുന്ന‌രീതി സഹതാരങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ട്.” രോഹിത് പറഞ്ഞു.

മലിംഗയുടെ പ്രകടനം മുംബൈയുടെ പ്രകടനത്തിൽ എല്ലായ്പ്പോളും പ്രധാനപ്പെട്ടതാണെന്നാണ് രോഹിത് പറയുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ അദ്ദേഹത്തിന്റെ അഭാവം ടീമിനെ ബാധിച്ചെന്നും, വരും മത്സരങ്ങളിലും അദ്ദേഹത്തിന്റെ ഫോം ടീമിൽ നിർണായകമാകുമെന്നും രോഹിത് കൂട്ടിച്ചേർത്തു.