SHARE

2008 മുതൽ 2017 വരെ മുംബൈ ഇന്ത്യൻസ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ലസിത് മലിംഗ. തന്റെ സ്ലിംഗിംഗ് ആക്ഷനുമായി പന്തെറിയാനെത്തുന്ന ഈ ശ്രീലങ്കൻ ബോളർ ബാറ്റ്സ്മാന്മാരുടെ മുഴുവൻ പേടി‌സ്വപ്നമായിരുന്നു. യോർക്കറുകൾ എറിയാനുള്ള കഴിവും ഡെത്ത് ഓവറുകളിലുള്ള മികവും മലിംഗയെ ഐപിഎല്ലിലെ തന്നെ ഏറ്റവും അപകടകാരിയായ ബോളറാക്കി മാറ്റി. എന്നാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി താരത്തിന് ഐപിഎല്ലിൽ തന്റെ പഴയ മികവ് തുടരാൻ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെയാവണം ഈ വർഷത്തെ ഐപിഎൽ ലേലത്തിലും താരത്തിന് ആവശ്യക്കാരുണ്ടായിരുന്നില്ല. എന്നാൽ ലേലത്തിൽ നിന്ന് ആരും സ്വന്തമാക്കാതിരുന്ന മലിംഗയെ മുംബൈ ഇന്ത്യൻസ് തങ്ങളുടെ ബോളിംഗ് പരിശീലകനായി ഇത്തവണ ടീമിലെത്തിച്ചിരുന്നു.

മുംബൈയുടെ നീല ജേഴ്സിയിൽ കളിക്കാൻ ഇപ്പോൾ മലിംഗയില്ലെങ്കിലും മലിംഗയ്ക്ക് പറ്റിയ പകരക്കാരനെ തങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് മുംബൈ നായകൻ രോഹിത് ശർമ്മ പറയുന്നു. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയാണ് മലിംഗയുടെ പകരക്കാരനായി രോഹിത് ശർമ്മ വിശേഷിപ്പിക്കുന്നത്. ബോളിംഗ് മെച്ചപ്പെടുത്താൻ കഠിന പരിശീലനം നടത്തുന്ന താരമാണ് ബുംറയെന്നും മലിംഗ ഒഴിച്ചിട്ട് പോയ ശൂന്യത നികത്താൻ അദ്ദേഹത്തിന് കഴിയുമെന്നും രോഹിത് ശർമ്മ അഭിപ്രായപ്പെടുന്നു.

” മലിംഗയുടെ സേവനം പലപ്പോളും തങ്ങൾക്ക് നഷ്ടപ്പെട്ടിരുന്നു, എന്നാൽ മലിംഗയുടെ സ്ഥാനം ഏറ്റെടുക്കാൻ ഇപ്പോൾ ബുംറയുണ്ട്. അദ്ദേഹം എപ്പോളും വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിലുണ്ടാവണമെന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ ബോളിംഗ് എപ്പോളും തങ്ങൾക്ക് നിർണായകമാണ്”. രോഹിത് പറഞ്ഞുനിർത്തി. കഴിഞ്ഞ ദിവസം കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ തകർപ്പൻ ബോളിംഗ് പ്രകടനം കാഴ്ച വെച്ചതിന് ശേഷമായിരുന്നു രോഹിത്, ബുംറയെ പ്രശംസിച്ച് രംഗത്ത് വന്നത്.  4 ഓവറുകളിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തിയ ബുംറയായിരുന്നു പഞ്ചാബിനെതിരെ, മുംബൈക്ക് ജയം സമ്മാനിച്ചത്.