SHARE

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്നലെയായിരുന്നു ഓസീസ് നായകൻ ടിംപെയിൻ, ഇന്ത്യൻ താരം രോഹിത് ശർമ്മയെ സ്ലെഡ്ജ് ചെയ്തത്. രോഹിത് ബാറ്റ് ചെയ്യുന്നതിനിടെ അദ്ദേഹത്തിനോട് സിക്സറടിക്കാനും, അങ്ങനെ ചെയ്താൽ താൻ ഐപിഎല്ലിൽ മുംബൈയെ പിന്തുണയ്ക്കാമെന്നുമായിരുന്നു പെയിൻ പറഞ്ഞത്‌. രോഹിതിനെതിരെയുള്ള പെയിന്റെ സ്ലെഡ്ജിംഗ് സ്റ്റമ്പ് മൈക്ക് റെക്കോർഡിംഗിൽ കൃത്യമായി ലഭിച്ചിരുന്നു. എന്നാൽ രോഹിതാവട്ടെ പെയിന്റെ സ്ലെഡ്ജിംഗിനോട് പ്രതികരിക്കാൻ പോയിരുന്നുമില്ല. ഇപ്പോളിതാ പെയിന്റെ സ്ലെഡ്ജിംഗിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് രോഹിത്.

ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് മത്സരത്തിന് മുൻപായിരുന്നു രോഹിത്, പെയിന്റെ സ്ലെഡ്ജിംഗിന് മറുപടി നൽകിയത്. സംഭവത്തെക്കുറിച്ച് രോഹിത്‌ പറയുന്നതിങ്ങനെ, “പെയിന്റെ സ്ലെഡ്ജിംഗ് താൻ കേട്ടിരുന്നു, എന്നാൽ ബാറ്റ് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നതിനാൽ അക്കാര്യത്തിൽ മാത്രം ശ്രദ്ധ കൊടുക്കാനായിരുന്നു താൻ ശ്രമിച്ചത്. എന്നാൽ താൻ അജിങ്ക്യ രഹാനെയോട് ഇക്കാര്യം പറഞ്ഞ് ചിരിച്ചു.

പെയിൻ ഇവിടെയൊരു സെഞ്ചുറി നേടുകയാണെങ്കിൽ ഞാൻ മുംബൈ ഇന്ത്യൻസിൽ എന്റെ ബോസിനോട് പറഞ്ഞ് അദ്ദേഹത്തെ ടീമിലേക്ക് വാങ്ങാനുള്ള‌ കാര്യങ്ങൾ ചെയ്യാം.‌” രോഹിത് പറഞ്ഞുനിർത്തി. അതേ സമയം സ്ലെഡ്ജ് ചെയ്ത സമയത്ത് പെയിനോട് ഒന്നും പറഞ്ഞില്ലെങ്കിലും ഇപ്പോൾ രോഹിത് നൽകിയ ഈ മാസ് മറുപടി ആരാധകരേയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.