SHARE

നായകൻ രോഹിത് ശർമ്മയുടെ ബാറ്റിംഗ് വിസ്ഫോടനമായിരുന്നു ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 43 പന്തിൽ 85 റൺസ് നേടിയ രോഹിതിന്റെ മികവിൽ ഇന്ത്യ മത്സരം 8 വിക്കറ്റിന് സ്വന്തമാക്കി. രാജ്കോട്ടിൽ ഇന്നലെ ബാറ്റിംഗ് വെടിക്കെട്ട് പുറത്തെടുത്ത മത്സരത്തിനിടയിൽ ടി20 ക്രിക്കറ്റിലെ ചില റെക്കോർഡുകളും രോഹിതിന്റെ പേരിലായി.

ടി20 ക്രിക്കറ്റിൽ 2500 റൺസ് തികയ്ക്കുന്ന ആദ്യ താരമായി മാറിയതിന് പുറമേ, ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന നേട്ടവും രോഹിത് ഇന്നലത്തെ മത്സരത്തിനിടെ സ്വന്തമാക്കി. മുൻപ് ഒരു കലണ്ടർ വർഷത്തിൽ 34 സിക്സറുകൾ നേടിയ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലായിരുന്നു ഇക്കാര്യത്തിലെ റെക്കോർഡ്. ഇന്നലെ 6 സിക്സറുകൾ പറത്തിയതോടെ രോഹിത് ഈ റെക്കോർഡ് സ്വന്തം പേരിലാക്കുകയായിരുന്നു.

ടി20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമായും ഇന്നലെ രോഹിത് മാറി. ഇതിനൊക്കെ പുറമേ ഒരു റെക്കോർഡിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിക്കൊപ്പമെത്താനും രോഹിതിന് ഇന്നലെ കഴിഞ്ഞു. ഇന്നലെ രോഹിത് നേടിയത് ക്യാപ്റ്റനായി കളിക്കുമ്പോളുള്ള അദ്ദേഹത്തിന്റെ ആറാമത്തെ ടി20 അർധസെഞ്ചുറിയാണ്. ടി20 യിൽ ടീമിനെ നയിക്കുമ്പോൾ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടുന്ന താരമെന്ന നേട്ടത്തിൽ കോഹ്ലിക്കൊപ്പമെത്താനും ഇത് വഴി രോഹിതിന് കഴിഞ്ഞു. കോഹ്ലിയും ടീമിനെ നയിക്കുമ്പോൾ 6 തവണയാണ് ടി20 യിൽ അർധസെഞ്ചുറി നേടിയിട്ടുള്ളത്.