SHARE

ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫിൽ സ്ഥാനമുറപ്പിക്കുന്ന ആദ്യ ടീമായി മാറിയെങ്കിലും മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ഒരു കാര്യം വലിയ നിരാശ നൽകുന്നു. തങ്ങളുടെ നായകനായ രോഹിത് ശർമ്മയുടെ പരിക്ക് തന്നെയാണ് അത്. പിൻതുട ഞരമ്പിനേറ്റ പരിക്കിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് മത്സരങ്ങളായി പുറത്തിരിക്കുന്ന രോഹിതിനെ, ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലും ബിസിസിഐ ഉൾപ്പെടുത്തിയിട്ടില്ല.

എന്നാൽ രോഹിതിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ ഇതു വരെ ക്രിക്കറ്റ് ലോകത്തിന് വ്യക്തത വന്നിട്ടില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം. തങ്ങളുടെ നായകന്റെ പരിക്കിന്റെ വിവരം കൃത്യമായി പുറത്ത് വിടാൻ മുംബൈ ഇന്ത്യൻസ് തയ്യാറാകാത്തതിനാൽ രോഹിത് ഇക്കുറി ഐപിഎല്ലിൽ ഇനി കളിക്കുമോ എന്ന കാര്യത്തിൽപ്പോലും ആരാധകർക്ക് ഉറപ്പില്ല. അതിനിടെ ഇപ്പോളിതാ രോഹിതിന്റെ പരിക്കിന്റെ കാര്യത്തിൽ മുംബൈ ആരാധകർക്ക് വലിയ ആവേശം സമ്മാനിക്കുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ അഭാവത്തിൽ മുംബൈയുടെ താൽക്കാലിക നായകനായി സ്ഥാനം ഏറ്റെടുത്ത വിൻഡീസ് സൂപ്പർ താരം കീറൻ പൊള്ളാർഡ്.

ഡെൽഹി ക്യാപിറ്റൽസിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ മത്സരത്തിൽ തകർപ്പൻ ജയം നേടിയതിന് ശേഷം സംസാരിക്കവെയായിരുന്നു മുംബൈ ഇന്ത്യൻസിന്റെ താൽക്കാലിക നായകനായ പൊള്ളാർഡ്, രോഹിത് ശർമ്മയുടെ പരിക്കിനെക്കുറിച്ച് സംസാരിച്ചത്. രോഹിത് അതിവേഗം സുഖം പ്രാപിക്കുന്നുണ്ടെന്ന് പറഞ്ഞ പൊള്ളാർഡ്, അദ്ദേഹം ഉടൻ തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. അതേ സമയം രോഹിതിന്റെ മടങ്ങിവരവിന്റെ കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെങ്കിൽപ്പോലും പൊള്ളാർഡിന്റെ ഈ വാക്കുകൾ മുംബൈ ആരാധകർക്ക് സമ്മാനിക്കുന്ന ആശ്വാസം വളരെ വലുതാണ്.