SHARE

ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ പരാജയത്തെ മുഖാമുഖം ക‌ണ്ടിരുന്ന ഇന്ത്യ ഷർദുൽ താക്കൂർ എറിഞ്ഞ പതിനേഴാം ഓവറിലായിരുന്നു കളിയിൽ മുൻതൂക്കം സ്വന്തമാക്കിയത്. ഈ ഓവറിന്റെ ആദ്യ പന്തിൽ‌, മികച്ച ഫോമിൽ കളിച്ചു‌ കൊണ്ടിരുന്ന ബെൻ സ്റ്റോക്ക്സിനെ വീഴ്ത്തിയ താക്കൂർ, രണ്ടാം പന്തിൽ ഇംഗ്ല‌ണ്ട് നായകൻ ഓയിൻ മോർഗനേയും പവലിയനിൽ തിരികെയെത്തിച്ചു. മത്സരശേഷം സംസാരിക്കവെ ഈ ഓവറിന് മുൻപ്‌ ടീമിന്റെ സ്റ്റാൻഡ് ഇൻ ക്യാപ്റ്റനായിരുന്ന രോഹിത് ശർമ്മ‌ തന്നോട് പറഞ്ഞതെന്തെന്ന് താക്കൂർ വെളിപ്പെടുത്തി.

എന്റെ സ്വതസിദ്ധമായ രീതിയിൽ പന്തെറിയാനാണ് ഈ ഓവറിന് മുൻപ് രോഹിത് ആവശ്യപ്പെട്ടതെന്നാണ് താക്കൂർ പറയുന്നത്. ഗ്രൗണ്ടിന്റെ ഒരു വശം ചെറുതാണെന്നും അത് മനസിൽ വെച്ചു കൊണ്ട് കളിക്കണമെന്നും ഇതോടൊപ്പം രോഹിത് പറഞ്ഞതായി താക്കൂർ കൂട്ടിച്ചേർത്തു.

മഞ്ഞുണ്ടായിരുന്നതിനാൽ മത്സരത്തിൽ നനഞ്ഞ പന്ത് നിയന്ത്രിക്കാൻ അല്പം പ്രയാസപ്പെട്ടതായി സംസാരത്തിനിടെ വ്യക്തമാക്കിയ താക്കൂർ, എതിരാളികളുടെ പവർ സോണിൽ നിന്ന് മാറ്റി പന്തെറിയുകയായിരുന്നു അവസാന ഓവറുകളിൽ തങ്ങളുടെ ലക്ഷ്യമെന്നും കൂട്ടിച്ചേർത്തു.

അതേ‌ സമയം നാലാം ടി20 യിൽ 8 റൺസിന് വിജയിച്ചതോടെ അഞ്ച് മത്സര ടി20 പരമ്പര 2-2 എന്ന നിലയിലാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.‌ ഫലത്തിൽ ഫൈനലായ അഞ്ചാം ടി20 മത്സരം ശനിയാഴ്ച ഇതേ വേദിയിൽത്തന്നെ നടക്കും.