SHARE

കഴിഞ്ഞ ദശകത്തിലെ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ വിജയശില്പി‌ ശ്രീലങ്കൻ ഇതിഹാസ ബോളർ ലസിത് മലിംഗ ആണെന്ന് നായക‌ൻ രോഹിത് ശർമ്മ. കഴിഞ്ഞ ദിവസം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച മലിംഗയ്ക്ക് ട്വിറ്ററിലൂടെ ആശംസകൾ അറിയിക്കുന്നതിനിടെയാണ് രോഹിത് ഇങ്ങനെ അഭിപ്രായപ്പെട്ടത്. മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും വലിയ മാച്ച് വിന്നറായി മലിംഗയെ വിശേഷിപ്പിക്കുന്ന രോഹിത്, ഒരു ക്യാപ്റ്റനെന്ന നിലയിൽ സമ്മർദ്ദ ഘട്ടങ്ങളിൽ വലിയ ആശ്വാസം മലിംഗ തനിക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ടീമിലെ സാന്നിധ്യം വളരെ പ്രധാനമായിരുന്നെന്നും കൂട്ടിച്ചേർത്തു.

2008 ൽ മുംബൈ ഇന്ത്യൻസിലെത്തിയ ലസിത് മലിംഗ 4 ഐപിഎൽ ‌കിരീടങ്ങളാണ് അവർക്കൊപ്പം നേടിയത്. മുംബൈയെ ഐപിഎല്ലിലെ ഏറ്റവും ശക്തരായ സംഘങ്ങളിൽ ഒന്നായി മാറ്റിയതിൽ വലിയ പങ്ക് വഹിച്ച താരമാണ് അദ്ദേഹം. ഡെത്ത് ഓവറുകളിൽ മലിംഗ പുറത്തെടുത്തിരുന്ന മികവ് പല മത്സരങ്ങളിലും മുംബൈയ്ക്ക് അപ്രതീക്ഷിത വിജയങ്ങൾ നൽകിയിട്ടുണ്ട്‌‌‌. ഐപിഎല്ലിൽ 122 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 170 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുള്ളത്. ഐപിഎൽവിക്കറ്റ് വേട്ടയിലും ഒന്നാം സ്ഥാനത്തുള്ളത് മലിംഗയാണ്.