SHARE

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ പോരാട്ടത്തിൽ 34 റൺസിന്റെ പരാജയമായിരുന്നു മുംബൈ ഇന്ത്യൻസ് ഏറ്റുവാങ്ങിയത്. മത്സരത്തിൽ തോൽവിയേറ്റു വാങ്ങിയതിന് പിന്നാലെ മുംബൈ നായകൻ രോഹിത് ശർമ്മയ്ക്ക് മറ്റൊരു തിരിച്ചടി കൂടി ലഭിച്ചേക്കും. കളിയിൽ ഔട്ടായതിന്റെ ദേഷ്യം തീർക്കാൻ ബാറ്റ് കൊണ്ട് സ്റ്റമ്പിലിടിച്ചതാണ് രോഹിതിന് വിനയായേക്കുക.

മുംബൈ ഇന്നിംഗ്സിന്റെ നാലാം ഓവറിലായിരുന്നു സംഭവം. ഹാരി ഗർണിയെറിഞ്ഞ ഓവറിലെ മൂന്നാം പന്തിൽ രോഹിത് വിക്കറ്റിന് മുന്നിൽ കുരുങ്ങി. കൊൽക്കത്തൻ താരങ്ങളുടെ എൽ ബി ഡബ്ല്യൂ അപ്പീൽ ശരിവെച്ച അമ്പയർ അത് വിക്കറ്റും വിളിച്ചു. എന്നാൽ രോഹിത് ശർമ്മയാകട്ടെ ആ വിക്കറ്റിൽ ഡി ആർ എസ് ആവശ്യപ്പെട്ടു, പക്ഷേ ഡി ആർ എസിലും അത് ഔട്ടാണെന്ന് തന്നെ വിധി വന്നു. ഇതാണ് രോഹിതിനെ ചൊടിപ്പിച്ചത്.

ഔട്ടായി പുറത്തേക്ക് നടക്കുന്നതിനിടയിൽ അമ്പയറോട് കയർത്ത് സംസാരിച്ച രോഹിത് നോൺ സ്ട്രൈക്കിംഗ് എൻഡിലെ സ്റ്റമ്പിൽ ബാറ്റ് കൊണ്ടിടിച്ചു. ഈ സമയം രണ്ട് ബെയിലുകളും താഴെ വീണു. കളിക്കളത്തിലെ ഈ അച്ചടക്ക ലംഘനത്തിന് രോഹിതിനെതിരെ മാച്ച് റഫറിയുടെ അച്ചടക്ക നടപടിയുണ്ടായേക്കുമെന്നാണ് സൂചന.