SHARE

പരിക്ക് മാറിയെത്തുന്ന സൂപ്പർ താരം രോഹിത് ശർമ്മ, ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്ന് റിപ്പോർട്ട്. സിഡ്നി ടെസ്റ്റിൽ രോഹിത് എത്തുമ്പോൾ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത മയങ്ക് അഗർവാളിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് മിറർ റിപ്പോർട്ട് ചെയ്യുന്നത്‌. രോഹിത് ശർമ്മയും, ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നും തങ്ങളുടെ റിപ്പോർട്ടിൽ അവർ വ്യക്തമാക്കിയിട്ടുണ്ട്‌.

ടീമിലേക്ക് മടങ്ങിയെത്തുന്ന രോഹിത് മൂന്നാം ടെസ്റ്റിൽ ഏത് സ്ഥാനത്താകും കളിക്കുകയെന്ന കാര്യത്തിൽ നേരത്തെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. മോശം ഫോമിലുള്ള ഹനുമ വിഹാരിക്ക് പകരം മധ്യനിരയിലാകും അദ്ദേഹം കളിക്കുകയെന്നായിരുന്നു ഒരു പറ്റം ആരാധകർ ചൂണ്ടിക്കാട്ടിയത്‌. എന്നാൽ വിഹാരിക്ക് ടീമിലെ നഷ്ടമാകില്ലെന്നാണ് ഏറ്റവും പുതുതായി പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ മാസം 7 ന് സിഡ്നിയിലാണ് ഇന്ത്യയും, ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകളിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചതിനാൽ നിലവിൽ 4 മത്സര പരമ്പരയിൽ ഇരു ടീമുകളും തുല്യതയിലാണ്.