SHARE

ഇത്തവണത്തെ ഐപിഎല്ലിനിടെ സംഭവിച്ച പരിക്കിന് ശേഷം പൂർണമായ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലാത്ത ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മയ്ക്ക് അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം നഷ്ടമാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നത്. തന്റെ പരിക്കിന്റെ കാര്യം കൃത്യമായി ബിസിസിഐയെ അറിയിക്കുന്നതിൽ രോഹിത് വീഴ്ച വരുത്തിയെന്നും, നായകൻ കോഹ്ലിയ്ക്ക് പോലും രോഹിതിന്റെ പരിക്കിനെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിരുന്നില്ലെന്നുമായിരുന്നു വാർത്തകൾ. ഇതോടെ രോഹിത്, ഓസ്ട്രേലിയൻ പര്യടനത്തിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരുന്നു.

എന്നാൽ ഇപ്പോളിതാ രോഹിത് ഓസ്ട്രേലിയയിലേക്ക് പോകുമെന്നും, ടെസ്റ്റ് പരമ്പരയിൽ കളിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ ഒഫീഷ്യൽമാരിലൊരാൾ. രോഹിത് ഐപിഎല്ലിന് ശേഷം ഓസ്ട്രേലിയയിലേക്ക് പോകാതെ ഇന്ത്യയിലേക്ക് വന്നത് അദ്ദേഹത്തിന്റെ പിതാവിന് കോവിഡ് ബാധിച്ചതിനാലാണെന്നും കഴിഞ്ഞ ദിവസം നടത്തിയ കോൺഫറൻസ് കോളിൽ ഇക്കാര്യങ്ങളിൽ വ്യക്തത വന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു‌.

രോഹിത് ഓസ്ട്രേലിയയിലേക്ക് പോകുമെന്നും, അങ്ങോട്ടേക്കുള്ള അദ്ദേഹത്തിന്റെ യാത്രാ പദ്ധതികൾ ബിസിസിഐ തയ്യാറാക്കുമെന്നും പറഞ്ഞ ബിസിസിഐ ഒഫീഷ്യൽ ഇങ്ങനെ കൂട്ടിച്ചേർത്തു, “രോഹിതിന്റെ പിതാവിന് കോവിഡ് ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഹൃദ്രോഗി കൂടിയാണ്. എല്ലാവർക്കും ഇക്കാര്യത്തെക്കുറിച്ച് അറിയില്ലായിരുന്നു. ഇത് വ്യക്തിപരമായ പ്രശ്നമാണ്. ഇപ്പോൾ അദ്ദേഹം നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ റീഹാബിലിറ്റേഷനിലാണ്. രോഹിതിന്റെ ഫിറ്റ്നസിന്റെ കാര്യത്തിൽ അടുത്ത വിലയിരുത്തൽ ഡിസംബർ 11 ന് നടത്തും. ബിസിസിഐയ്ക്ക് ഓസ്ട്രേലിയൻ പര്യടനത്തിലെ രോഹിതിന്റെ പങ്കാളിത്ത ത്തിന്റെ കാര്യത്തിൽ വ്യക്തതയുണ്ട്.” മുംബൈ മിററിനോട് സംസാരിക്കവെ ബിസിസിഐ ഒഫീഷ്യൽമാരിലൊരാൾ വ്യക്തമാക്കി.