SHARE

ടി20 ക്രിക്കറ്റിന്റെ വരവ് ഏകദിന ക്രിക്കറ്റിലും വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. ടി20 ശൈലിയിൽ, ഏകദിനത്തിലും ബാറ്റ് വീശാൻ താരങ്ങൾ തുടങ്ങിയതോടെ വമ്പൻ ടീം സ്കോറുകളും വ്യക്തിഗത സ്കോറുകളും ഏകദിന ക്രിക്കറ്റിൽ പതിവായി. ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്ന ഏകദിനത്തിലെ ഇരട്ട സെഞ്ചുറി നേട്ടം ടി20 യുടെ വരവോടെ സാധാരണമായി മാറി. ഇന്ത്യൻ താരം രോഹിത് ശർമ്മ മാത്രം മൂന്ന് ഇരട്ട ശതകങ്ങളാണ് ഏകദിനത്തിൽ സ്വന്തമാക്കിയത്.

50 ഓവർ മത്സരങ്ങളിൽ താരങ്ങൾ ഇരട്ട സെഞ്ചുറി നേടുന്നത് സാധാരണ കാഴ്ചയായെങ്കിലും ടി20 മത്സരങ്ങളിൽ ഇത് വരെ ഒരു താരത്തിനും ഇരുന്നൂറടിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഏകദിനത്തിൽ മൂന്ന് ഇരട്ട സെഞ്ചുറികളുള്ള രോഹിത് ശർമ്മ ടി20 യിലും ഇരട്ട സെഞ്ചുറി നേടുമെന്നാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായം. അധികം വൈകാതെ തന്നെ രോഹിത് ഈ നേട്ടം കൈവരിക്കുമെന്നും, ഏകദിനത്തിൽ സച്ചിൻ നേടിയത് പോലെ ടി20 ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറിയും അതോടെ ഒരിന്ത്യൻ താരത്തിന്റെ പേരിലാകുമെന്നും ഗാംഗുലി കൂട്ടിച്ചേർക്കുന്നു.

അതേ സമയം ടി20 യിലെ ആദ്യ ഇരട്ട സെഞ്ചുറി നേടാൻ ഏറ്റവും കൂടുതൽ സാധ്യത രോഹിത് ശർമ്മയ്ക്കാണെന്ന് പല മുൻ ക്രിക്കറ്റർമാരും നേരത്തെയും അഭിപ്രായപ്പെട്ടിട്ടുണ്ട്. 156 റൺസെടുത്ത ഓസ്ട്രേലിയൻ താരം ആരോൺ ഫിഞ്ചിന്റെ പേരിലാണ് നിലവിൽ അന്താരാഷ്ട്ര ടി20 യിലെ ഏറ്റവും ഉയർന്ന സ്കോർ. ശ്രീലങ്കയ്ക്കെതിരെ കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ നേടിയ 118 റൺസാണ് രോഹിത് ശർമ്മയുടെ ഉയർന്ന അന്താരാഷ്ട്ര ടി20 സ്കോർ.