SHARE

ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ്മ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കന്നി അർധ സെഞ്ചുറി നേടിയത് തന്റെ ബാറ്റ് ഉപയോഗിച്ചാണെന്ന് സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേഷ് കാർത്തിക്ക്. 2007 ലെ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന മത്സരത്തിലായിരുന്നു രോഹിത് ഇന്ത്യൻ ജേഴ്സിയിൽ തന്റെ കന്നി അർധ സെഞ്ചുറി സ്കോർ ചെയ്തത്. അന്ന് താരം തന്റെ ബാറ്റ് ഉപയോഗിച്ചായിരുന്നു ബാറ്റ് ചെയ്തതെന്ന് കഴിഞ്ഞ ദിവസം ഗൗരവ് കപൂറിന്റെ ബ്രേക്ക് ഫാസ്റ്റ് വിത്ത് ചാമ്പ്യൻസ് എന്ന പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു കാർത്തിക്ക് വെളിപ്പെടുത്തിയത്.

ദക്ഷിണാഫ്രിക്ക ക്കെതിരെ നടന്ന മത്സരത്തിൽ അന്ന് കാർത്തിക്ക് ഗോൾഡൻ ഡക്കായി പുറത്തായിരുന്നു‌. ഔട്ടായി കാർത്തിക്ക് ഡഗൗട്ടിലെത്തുമ്പോളായിരുന്നു അദ്ദേഹത്തിന്റെ ബാറ്റ് ആവശ്യപ്പെട്ട് രോഹിത് താരത്തിന്റെ അടുക്കലെത്തിയത്. കാർത്തിക്ക് ഗോൾഡൻ ഡക്കാകുമ്പോൾ കളിച്ച ബാറ്റ് ഉപയോഗിച്ച് കളിച്ച രോഹിത് അന്ന് 40 പ‌ന്തുകളിൽ നിന്ന് 7 ബൗണ്ടറികളും 2 സിക്സറുകളുമടക്കം അർധ സെഞ്ചുറി നേടുകയും ചെയ്തു.

ഈ സംഭവത്തെക്കുറിച്ച് ദിനേഷ് കാർത്തിക് ഓർത്തെടുക്കുന്നത് ഇങ്ങനെ, “രോഹിതിന്റെ ആദ്യ അന്താരാഷ്ട്ര ഫിഫ്റ്റി എന്റെ ബാറ്റുപയോഗിച്ചായിരുന്നു. അതിലെനിക്ക് വളരെ അഭിമാനമുണ്ട്. ഞാനും ആ ബാറ്റിലായിരുന്നു അന്ന് കളിച്ചത്. ബാറ്റ് ആവശ്യപ്പെട്ട രോഹിതിനോട് അതൊരു മോശം ബാറ്റാണെന്ന് ഞാൻ പറഞ്ഞു. എന്നാൽ ഈ ബാറ്റ് പോരെന്നാണോ നിങ്ങൾ പറയുന്നതെന്ന് ചോദിച്ച രോഹിത്, അത് തന്നോട് ആവശ്യപ്പെട്ടു. ഞാൻ ബാറ്റ് അദ്ദേഹത്തിന് നൽകി. അന്ന്‌ ആ ബാറ്റുമായി പോയ രോഹിത് ദക്ഷിണാഫ്രിക്ക ക്കെതിരെ അവിസ്മരണീയമായ ഒരിന്നിംഗ്സ് കളിച്ചു. എന്റെ ബാറ്റിനല്ല, തീർച്ചയായും ബാറ്റ്സ്മാന്റെ സ്കില്ലിനാണ് ക്രെഡിറ്റ് മുഴുവൻ. ഇത് പോലുള്ള കാര്യങ്ങളെല്ലാം ഞാൻ ഓർത്തിരിക്കുന്നുണ്ട്. ഇതെല്ലാം എന്നെ സംബന്ധിച്ച് വളരെ വലുതാണ്.” കാർത്തിക്ക് കൂട്ടിച്ചേർത്തു.

അതേ സമയം ദക്ഷിണാഫ്രിക്ക ക്കെതിരെ നടന്ന അന്നത്തെ മത്സരത്തിൽ രോഹിതിന്റെ അർധ സെഞ്ചുറിയായിരുന്നു 11 ഓവറിൽ 61/4 എന്ന നിലയിൽ തകർന്ന ഇന്ത്യയെ 153 എന്ന മികച്ച സ്കോറിലെത്തിച്ചത്. തുടർന്ന് മികച്ച രീതിയിൽ പന്തെറിയുകയും ചെയ്ത ഇന്ത്യ 116 റൺസിന് എതിരാളികളെ ഓളൗട്ടാക്കി അതി നിർണായക മത്സരത്തിൽ തകർപ്പൻ ജയം നേടുകയായിരുന്നു‌